മൂവാറ്റുപുഴ : മുളന്തുരുത്തി മാർക്ക് വാലി ആഡിറ്റോറിയത്തിൽ ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സെമിനാർ നടത്തി. ഇന്ത്യ: ഇരുളും വെളിച്ചവും എന്ന വിഷയത്തിൽ നടന്ന സെമിനാർ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ
എക്‌സിക്യുട്ടീവ് കമ്മിറ്റിഅംഗം കവി എസ്. രമേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ആർ. രഘു അദ്ധ്യക്ഷത വഹിച്ചു. പി. ഹരീന്ദ്രനാഥ് വിഷയാവതരണം നടത്തി. വിമുക്തി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും അക്ഷരജ്വാല തെളിക്കലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ നിർവഹിച്ചു.
ജില്ലയിലെ മികച്ച താലൂക്കായി കണയന്നൂരിനെയും മികച്ച ലൈബ്രറിയായി കെടാമംഗലം പാപ്പുക്കുട്ടി സ്മാരക ലൈബ്രറിയെയും തിരഞ്ഞെടുത്തു. മികച്ച സാന്ത്വന പരിപാലന കേന്ദ്രമായി പള്ളിപ്പുറം ജനത വായനശാലയെയും മികച്ച ജൈവകൃഷി കേന്ദ്രമായി മുളന്തുരുത്തി പബ്ലിക് ലൈബ്രറിയെയും തിരഞ്ഞെടുത്തു.
പുരസ്‌കാരവും വായനാമത്സര വിജയികൾക്കുള്ള സമ്മാനവും മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി മാധവൻ, ജില്ലാ പഞ്ചായത്തംഗം എ.പി. സുഭാഷ്, ജില്ലാ ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി സി.കെ. ഉണ്ണി, കെ. മോഹനചന്ദ്രൻ, പി.കെ. ബാലകൃഷ്ണൻ എന്നിവർ വിതരണം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ , കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.