കൊച്ചി: വിനോദനികുതിയിൽ ഏർപ്പെടുത്തിയ വർദ്ധനവ് സിനിമാമേഖലയ്ക്ക് തിരിച്ചടിയാണെന്ന് ചൂണ്ടിക്കാട്ടി വിവിധ സിനിമ സംഘടന പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഇന്നലെ രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ അമ്മയെ പ്രതിനിധീകരിച്ച് മമ്മൂട്ടി, മോഹൻലാൽ എന്നിവരും ഫെഫ്ക, ഫിയോക്, ഫിലിം ചേംബർ തുടങ്ങിയവയെ പ്രതിനിധീകരിച്ച് ബി.ഉണ്ണിക്കൃഷ്ണൻ, ആന്റണി പെരുമ്പാവൂർ, എം. രഞ്ജിത് തുടങ്ങിയവരുമാണ് കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ബഡ്ജറ്റിൽ സിനിമാ ടിക്കറ്റിന് 10 ശതമാനം നികുതി ഉയർത്തിയത്‌ പിൻവലിക്കണമെന്നാണ് ആവശ്യം. വിഷയത്തിൽ അടിയന്തരമായി ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. അമ്മ -ഡബ്ല്യു.സി.സി തർക്കം രൂക്ഷമായതിന് ശേഷം ആദ്യമായാണ് സിനിമാ സംഘടനാ പ്രതിനിധികൾ ഒന്നിച്ച് മുഖ്യമന്ത്രിയെ കാണുന്നത്.

മുഖ്യമന്ത്രി ഉറപ്പുനൽകി

" സിനിമാ മേഖലയെ തകർക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ അടുത്ത മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കും. ഇത് സംബന്ധിച്ച് ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും വിനോദനികുതി കുറയ്ക്കുന്ന കാര്യത്തിൽ ഇടപെടുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. "

ബി.ഉണ്ണിക്കൃഷ്ണൻ, ഫെഫ്ക