പിറവം: മഹാശിവരാത്രി പിതൃതർപ്പണത്തിന് പ്രസിദ്ധമായ പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഒരേ മതിൽക്കകത്ത് തന്നെ രണ്ടിടത്താണ് കൊടിയേറ്റ് നടന്നത്. മഹാദേവന്റെ നടയിലെ നിത്യ ധ്വജത്തിലും ശാസ്താവിന്റെ നടയിലെ താത്കാലിക കൊടിമരത്തിലും കൊടിയേറി. തന്ത്രി പുലിയന്നൂർ അനന്തൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. പെരുംതൃക്കോവിലിലെ മറ്റൊരു പ്രധാന ആണ്ട് വിശേഷമായ മഹാശിവരാത്രി ആഘോഷം മാർച്ച് നാലിന് നടക്കും. ഉത്സവത്തിനും. മഹാശിവരാത്രി ആഘോഷങ്ങൾക്കുമായി ശിവരാത്രി മണപ്പുറത്തേയ്ക്ക് താത്കാലിക പാലം നിർമ്മിച്ചിട്ടുണ്ട്.
ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിവിധ ദിവസങ്ങളിൽ മതിൽക്കകത്തും മണപ്പുറത്തുമായി സംഗീതാർച്ചന, പ്രൊഫ. ജി.ഹരി സുന്ദറിന്റെ പ്രഭാഷണം, പുല്ലാങ്കുഴൽ കച്ചേരി,തിരുവാതിര കളി, ഗണേഷ് സുന്ദരത്തിന്റെ ഭക്തിഗാനമേള, സംഗീതക്കച്ചേരി, പൊലീസ് ഓർക്കസ്ട്രയുടെ ഗാനമേള, ഇരട്ടത്തായമ്പക തുടങ്ങിയവ അരങ്ങേറും. 13 നാണ് ഉത്സവബലി. വലിയവിളക്കായ 15 ന് രാവിലെ ശിവേലി. രാത്രി പള്ളിവേട്ടയ്ക്ക് ആർ.എൽ.വി മഹേഷ്‌കുമാറിന്റെ പാണ്ടിമേളം എന്നിവ നടക്കും. ആറാട്ട് ദിനമായ 16 ന് രാവിലെ പെരുവനം സതീശൻ മാരാരുടെ പഞ്ചാരിമേളം. ശീവേലിക്ക് എഴുന്നള്ളി നിൽക്കുന്ന പെരുംതൃക്കോവിലപ്പന് മുന്നിൽ പൊന്നിൻകുടത്തിൽ കാണിക്കയിടൽ, ഉച്ചയ്ക്ക് ആറാട്ടുസദ്യ എന്നിവയുമുണ്ട്. വെകിട്ടാണ് ആറാട്ട്. ആറാട്ട് തിരിച്ചെഴുന്നള്ളുമ്പോൾ പഞ്ചവാദ്യമാണ് പ്രധാനം. അയിലൂർ അനന്തനാരായണശർമ്മ എന്ന സ്വാമിക്കുട്ടിയുടെ പ്രമാണത്തിലാണ് പഞ്ചവാദ്യം. ഇതേ സമയം കാരൂർക്കാവ് ദേവീ ക്ഷേത്രത്തിൽ നിന്നും വൈകിട്ട് 6 ന് കാവടി ഘോഷയാത്ര പുറപ്പെടും.. ആട്ടക്കാവടികളും നിലക്കാവടികളും ദേവനൃത്തവുമെല്ലാം അണിചേരുന്ന ഘോഷയാത്ര രാത്രി പത്തോടെ ക്ഷേത്രത്തിലെത്തി സമാപിക്കും .മാർച്ച് നാലിന് മഹാശിവരാത്രി ആഘോഷങ്ങൾക്കും പിതൃ തർപ്പണ ചടങ്ങുകൾക്കും വേണ്ടി വീണ്ടും തൃപ്പാഴൂർ സജ്ജമാകും.