കിഴക്കമ്പലം: പുക്കാട്ടുപടി ചെമ്പറക്കി റോഡിൽ റോഡ് കൈയേറി അനധികൃത കച്ചവടം തകൃതിയായി നടക്കുമ്പോഴും ഇതൊന്നും കാണാത്തമട്ടിലാണ് അധികാരികൾ. വയറോപ് സ് മുതൽ പള്ളിക്കുറ്റി വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും അരക്കിലോ മീറ്റർ ദൂരത്താണ് കച്ചവട സ്ഥാപനങ്ങൾ കൈയേറിയിരിക്കുന്നത്. പച്ചക്കറി, ഇറച്ചി വില്പന ഉൾപ്പെടെയുള്ള കടകൾ പുറമ്പോക്ക് ഭൂമി കൈയേറിയാണ് പ്രവർത്തിക്കുന്നത്. പുക്കാട്ടുപടി കനാൽ റോഡിനു സമീപമുള്ള കൈയേറ്റങ്ങൾ നടത്തുന്നതിന് പ്രാദേശികമായുള്ള കഞ്ചാവ് മാഫിയയുടെ പിന്തുണയുള്ളതായും ആക്ഷേപമുണ്ട്. ഇതുമൂലം റോഡിന് വീതികൂട്ടൽ അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. പൊലീസും അധികാരികളും ഇവർക്ക് ഒത്താശ ചെയ്യുന്നതായും ആരോപണമുണ്ട്.
റോഡിലെ അനധികൃത കൈയേറ്റങ്ങൾ പൊളിച്ചുനീക്കി വീതി വർദ്ധിപ്പിക്കണമെന്ന് നിരവധിതവണ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും അധികൃതർ മൗനത്തിലാണ്. കനാൽ റോഡിനു സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിൽ കഞ്ചാവടക്കമുള്ള നിരോധിതവസ്തുക്കൾ വിൽക്കുന്നതായി ഒട്ടേറെ ആക്ഷേപങ്ങളും പരാതികളുമുയർന്നിട്ടും പോലീസ് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മോഷണം നിത്യസംഭവമായിട്ടുള്ള ഈ പ്രദേശങ്ങളിൽ രാത്രികാല പട്രോളിംഗ് പോലും വേണ്ട വിധത്തിൽ നടക്കുന്നില്ല. വീതിക്കുറവു മൂലം റോഡിൽ അപകടങ്ങളും വർദ്ധിക്കുന്നുണ്ട്. സ്വകാര്യബസുകൾ പോലുള്ള വാഹനങ്ങൾ ഇരുവശങ്ങളിൽ കൂടി വരുമ്പോൾ റോഡിൽ കാൽനടയാത്ര പോലും ദുസ്സഹമാകുകയാണ്.