കൊച്ചി: പ്രോ വോളിബാൾ ലീഗിൽ കലിക്കറ്റ് ഹീറോസിന് ഹൈദരാബാദിനെതിരെ മൂന്നു സെറ്റ് വിജയം. ആദ്യ മൂന്നു സെറ്റും അനായാസം നേടിയ കലിക്കറ്റ് നാലും അഞ്ചും സെറ്റുകളിൽ തകർന്നു. ശനിയാഴ്ച കൊച്ചിക്കെതിരെ നേടിയ അഞ്ചു സെറ്റ് വിജയം ആവർത്തിക്കാൻ ഹീറോസിന് കഴിഞ്ഞില്ല. ഹൈദരാബാദിന്റെ കമലേഷാണ് കളിയിലെ താരം.
പോയിന്റ് : 15-11, 15-11, 15-7, 12-15, 11-16.
ആദ്യ സെറ്റിൽ നാലിലും അഞ്ചിലും എട്ടിലും ഒമ്പതിലും പത്തിലും സമനില പിടിച്ചു. സൂപ്പർ പോയിന്റിലൂടെ 12 ലെത്തിയ കലിക്കറ്റ് പോൾ ലോട്ട്മാന്റെ സ്മാഷിലൂടെ ഒരു പോയിന്റ് കൂടി നേടി. ഹൈദരാബാദ് വിളിച്ച സൂപ്പർ പോയിന്റ് സി. അജിത് ലാൽ മനോഹരമായി പ്ളേസ് ചെയ്ത ആദ്യ സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റിൽ ഹൈദരാബാദ് ആറിൽ സമനില പിടിച്ചു. അജിത് ലാൽ, ഇലൗണി ഗമ്പോറൗവ് എന്നിവരിലൂടെ തുടർച്ചയായി മൂന്നു പോയിന്റ് കലിക്കറ്റ് നേടി. സൂപ്പർ പോയിന്റിലൂടെ കലിക്കറ്റ് 12 ൽ നിൽക്കെ അശ്വലാലിന്റെ സ്മാഷിലൂടെ ഹൈദരാബാദ് 11 ലെത്തി. പോൾ ലോട്ട്മാന്റെ സ്മാഷിലൂടെയായിരുന്നു കലിക്കറ്റിന്റെ വിജയം.
മൂന്നാം സെറ്റ് പിന്നിലായിരുന്ന ഹൈദരാബാദ് ഏഴിൽ സമനില പിടിച്ചു. പോൾലോട്ട്മാന്റെ സ്മാഷിലൂടെയാണ് കലിക്കറ്റ് ലീഡ് വീണ്ടെടുത്തത്. നവീൻകുമാറിന്റെ സർവിലൂടെ സൂപ്പർ പോയിന്റും നേടി. ഹൈദരാബാദ് വിളിച്ച സൂപ്പർ പോയിന്റ് അജിത് ലാൽ സ്മാഷിലൂടെ കോഴിക്കോടിന് സ്വന്തമാക്കി 14 ലെത്തിച്ചു. നവീൻലാലിന്റെ സർവ് ഹൈദരാബാദിന് എടുക്കാൻ കഴിയാതെ കലിക്കറ്റ് വിജയം നേടിയെടുത്തു.
നാലാം സെറ്റിൽ ഹൈദരാബാദിന് ഒരു പോയിന്റും നൽകാതെ കലിക്കറ്റ് ഏഴു വരെയെത്തി. രണ്ടു സൂപ്പർ പോയിന്റുകളിലൂടെ ഉൾപ്പടെ ഹൈദരാബാദ് 11 ൽ കലിക്കറ്റിനെ മറികടന്ന ഹൈദരാബാദ് 14 ലെത്തിച്ചു. കലിക്കറ്റിന്റെ സ്മാഷ് അശ്വൽ റായി ബ്ളോക്ക് ചെയ്ത് നാലാം സെറ്റ് സ്വന്തമാക്കുകയായിരുന്നു.
അവസാന സെറ്റിൽ കലിക്കറ്റിനെ തുരത്തുന്ന പ്രകടനമാണ് ഹൈദരാബാദ് കാഴ്ചവച്ചത്. നാലാം പോയിന്റിലെ സമനിലയ്ക്കുശേഷം ഹൈദരാബാദിന്റെ കളിയായിരുന്നു. 11-14 ൽ നിൽക്കെ അജിത് ലാലിന്റെ സ്മാഷ് പുറത്തുപോയ സൂപ്പർ പോയിന്റോടെയാണ് ഹൈദരാബാദ് സെറ്റ് കൈപ്പിടിയിലാക്കിയത്.