ആലുവ: മകളുടെ വിവാഹ വിരുന്ന് സത്കാരം കഴിഞ്ഞ് ഭർത്താവിനൊപ്പം ബൈക്കിൽ മടങ്ങിയ വീട്ടമ്മ അപകടത്തിൽ മരിച്ചു. കൊങ്ങോർപ്പിള്ളി കരിങ്ങാംതുരുത്ത് കരിപ്പക്കാട്ടിൽ വീട്ടിൽ കെ.പി. സുരേഷിന്റെ ഭാര്യ രമ (51) ആണ് മരിച്ചത്. സുരേഷിന് ഗുരുതരമായി പരിക്കേറ്റു.
ഞായറാഴ്ച വൈകിട്ട് ഏഴരയോടെ ആലങ്ങാട് പഞ്ചായത്ത് ഓഫീസിന് സമീപമാണ് ബൈക്ക് പോസ്റ്റിൽ ഇടിച്ച് അപകടം. ദമ്പതികളുടെ മകൾ അംഗിതയും ആലുവ എടയപ്പുറം ചോമാലിപറമ്പിൽ സി.ഡി. പ്രകാശന്റെ മകൻ സനീഷും തമ്മിലുള്ള വിവാഹം ഞായറാഴ്ചയാണ് നടന്നത്. വൈകിട്ട് ചൂണ്ടി സെന്റ് പയസ് ചർച്ച് ഹാളിലായിരുന്നു വരന്റെ വിരുന്ന് സത്കാരം. മക്കളെ വീട്ടിലേക്ക് സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾക്കായി സുരേഷും രമയും ഇവിടെ നിന്നും ബൈക്കിൽ നേരത്തേ മടങ്ങുമ്പോഴാണ് അപകടം.
ഇരുവരെയും ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ രണ്ടരയോടെ രമ മരിച്ചു. ശരീരത്തിന് പുറത്ത് കാര്യമായ പരിക്കേറ്റിരുന്നില്ലെങ്കിലും തലയിലും നെഞ്ചിനും ഏറ്റ ചതവാണ് മരണകാരണം. സുരേഷിന്റെ വാരിയെല്ലിനും കൈക്കും പൊട്ടലുണ്ട്. സുരേഷിനെ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
സുരേഷ് നിർമ്മാണത്തൊഴിലാളിയാണ്. വീടിന് സമീപത്തെ സ്റ്റീൽഫർണിച്ചർ കമ്പനിയിലെ ജീവനക്കാരിയായിരുന്നു രമ.
രമയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആലങ്ങാട് നന്ദിപറമ്പ് ശ്മശാനത്തിൽ സംസ്‌കരിച്ചു. അതുൽ, അശ്വിൻ എന്നിവരാണ് മറ്റ് മക്കൾ.