dr-renu-raj

കൊച്ചി : ഹൈക്കോടതി വിധി ലംഘിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ മൂന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറലിന് ദേവികുളം സബ് കളക്ടർ രേണു രാജ് റിപ്പോർട്ട് നൽകി. റവന്യു അധികൃതർ തടഞ്ഞിട്ടും എസ്. രാജേന്ദ്രൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നിർമ്മാണം തുടർന്നെന്നും റിപ്പോർട്ടിലുണ്ട്.

മൂന്നാർ സ്പെഷ്യൽ ട്രൈബ്യൂണലിനു കീഴിലുള്ള എട്ട് വില്ലേജുകളിലെ നിർമ്മാണങ്ങൾക്ക് റവന്യു അധികൃതരുടെ എൻ.ഒ.സി വേണമെന്ന് 'വൺ എർത്ത് വൺ ലൈഫ്" എന്ന സംഘടനയുടെ ഹർജിയിൽ 2010 ജനുവരി 21ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതു പാലിക്കാൻ ഇടുക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മൂന്നാർ, പള്ളിവാസൽ, ചിന്നക്കനാൽ, ദേവികുളം എന്നീ പഞ്ചായത്തുകൾക്കു കത്ത് നൽകി. എന്നിട്ടും മൂന്നാർ പഞ്ചായത്തിലെ മൂലക്കട ഭാഗത്ത് മുതിരപ്പുഴയാറിന് സമീപം ടാറ്റ ടീ കമ്പനി പഞ്ചായത്തിന് സൗജന്യമായി നൽകിയ സ്ഥലത്ത് നിയമവിരുദ്ധ നിർമ്മാണം നടക്കുന്നതായി പരാതിയുണ്ടായി​. പഞ്ചായത്ത് സെക്രട്ടറിക്ക് ഫെബ്രുവരി അഞ്ചിന് സ്റ്റോപ്പ് മെമ്മോ നൽകിയ ശേഷവും ഇത് തുടർന്നപ്പോൾ സ്പെഷ്യൽ വില്ലേജ് ഒാഫീസറെയും ഭൂസംരക്ഷണ സേനാംഗങ്ങളെയും പരിശോധനയ്ക്ക് നിയോഗിച്ചു. നിർമ്മാണ കരാറുകാരനും പഞ്ചായത്തംഗങ്ങളും ചേർന്ന് ഇവരെ ആക്ഷേപിച്ചു.

ഇതറിഞ്ഞ് ദേവികുളം ഭൂരേഖ തഹസിൽദാർ ഉമാശങ്കറിനെ അയച്ചു. മൂന്നാർ പഞ്ചായത്ത് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെപ്പേർ സംഘടിച്ചെന്നറിഞ്ഞ് മൂന്നാർ എസ്.ഐയോടു സ്ഥലത്തെത്താൻ നിർദേശിച്ചു. അനധികൃത നിർമ്മാണം നിറുത്താനും ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകാനും ഇ മെയിലിലൂടെ ഡിവൈ.എസ്.പിക്ക് നിർദേശം നൽകി. ഇക്കാര്യങ്ങൾ ജില്ലാ കളക്ടറെ ഫോണിലൂടെ അറിയിച്ചു.

കളക്ടറുടെ നിർദേശാനുസരണം നിർമ്മാണം നിറുത്താൻ പഞ്ചായത്ത് സെക്രട്ടറിയോട് ഫോണിലൂടെയും ആവശ്യപ്പെട്ടിരുന്നു. ​പക്ഷേ എസ്. രാജേന്ദ്രൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നിർമ്മാണം തുടർന്നെന്നും റിപ്പോർട്ടിൽ പറയുന്നു.