കൊച്ചി : ദേശീയ ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിന് കേരളത്തിൽ നിന്നുള്ള ടീമിനെ ആൾ ഇന്ത്യ ഹാൻഡ്ബാൾ ഫെഡറേഷൻ നിയോഗിച്ച അഡ്ഹോക്ക് കമ്മിറ്റി തിരഞ്ഞെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ടീമിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള ഹാൻഡ് ബാൾ അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേരള അസോസിയേഷന്റെ അഫിലിയേഷൻ ദേശീയ ഫെഡറേഷൻ സസ്പെൻഡ് ചെയ്തതിനെതിരെ ഹർജി നിലവിലുണ്ട്. ഇൗ സാഹചര്യത്തിൽ ദേശീയ ചാമ്പ്യൻഷിപ്പിനുള്ള ടീം തിരഞ്ഞെടുപ്പു ചുമതല ആർക്കെന്ന ചോദ്യമാണ് ഹൈക്കോടതി പരിഗണിച്ചത്. ദേശീയ ചാമ്പ്യൻഷിപ്പിനുള്ള താരങ്ങളെ തിരഞ്ഞെടുക്കാൻ കേരള അസോസിയേഷൻ ക്യാമ്പ് നടത്തിയിട്ടുണ്ടെങ്കിൽ ഇതിൽ തിരഞ്ഞെടുക്കപ്പെട്ടവരെ അഡ്ഹോക്ക് കമ്മിറ്റി നടത്തുന്ന സെലക്ഷൻ ക്യാമ്പിലും ചാമ്പ്യൻഷിപ്പിലും പങ്കെടുപ്പിക്കണം. ഇവർ പങ്കെടുത്തതു വ്യക്തമാക്കി സർട്ടിഫിക്കറ്റും നൽകണം. ക്യാമ്പും സെലക്ഷനും ശരിയായി നടക്കുന്നുണ്ടെന്നും ഇവരെ ചാമ്പ്യൻഷിപ്പിന് അയക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടത് കേരള സ്പോർട്സ് കൗൺസിലാണ്. ഇതിനായി നിരീക്ഷകരെ സ്പോർട്സ് കൗൺസിൽ അയക്കണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.