കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതിയായ നടൻ ദിലീപിന് വിദേശത്തു പോകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകി. ദേ പുട്ട് എന്ന ഹോട്ടലിന്റെ ദോഹയിലെ പ്രവർത്തനം തുടങ്ങുന്നതിനായി ഫെബ്രുവരി 13 മുതൽ 21 വരെ ദോഹ, ദുബായ് എന്നിവിടങ്ങളിലേക്ക് പോകാനാണ് അനുമതി. വിദേശ യാത്രക്ക് അനുമതി തേടുന്ന ദിലീപിന്റെ ഹർജിയെ പ്രോസിക്യൂഷൻ എതിർത്തെങ്കിലും കോടതി ഉപാധികളോടെ അനുവദിച്ചു. തിരിച്ചെത്തിയാലുടൻ പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം, ദോഹയിലും ദുബായിലും ദിലീപിനെ ലഭ്യമാകുന്ന ഫോൺ നമ്പരും അഡ്രസും ഹാജരാക്കണം, മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകളിലാണ് യാത്രാനുമതി. നേരത്തെ മൂന്നു തവണ ദിലീപിന് വിദേശയാത്രക്ക് കോടതി അനുമതി നൽകിയിരുന്നു.