vicky
വിക്കി റോയ്

കൊച്ചി: പതിനൊന്നാം വയസിൽ ബംഗാളിലെ നാട്ടിൻപുറത്തെ വീട് വിട്ടിറങ്ങി ഡൽഹിയിൽ ആക്രി പെറുക്കി നടന്ന് ഒടുവിൽ വിജയം കൈവരിച്ച ഛായാഗ്രാഹകൻ വിക്കിറോയി തന്റെ കലാസൃഷ്ടികളുമായി കൊച്ചി മുസിരിസ് ബിനാലെയിൽ.

ഫോർട്ടുകൊച്ചിയിലെ ആസ്‌പിൻവാൾ ഹൗസിൽ സ്ട്രീറ്റ് ഡ്രീംസ്, ദിസ് സ്‌കാർഡ് ലാൻഡ്: ന്യൂ മൗണ്ടൈൻ സ്‌കേപ്‌സ് എന്നിങ്ങനെ ഇദ്ദേഹത്തിന്റെ രണ്ട് സൃഷ്ടികളാണുള്ളത്. ശാക്തീകരണ വിരുദ്ധതയും മുതലാളിത്ത ആഗ്രഹങ്ങൾക്ക് നൽകേണ്ടി വന്ന വിലയുമാണ് പ്രതിപാദ്യ വിഷയങ്ങൾ. ആദ്യത്തേത് മാനുഷിക മൂല്യങ്ങൾ ചർച്ച ചെയ്യുമ്പോൾ രണ്ടാമത്തേത് മാനവിക വിരുദ്ധതയും ചർച്ച ചെയ്യുന്നു.

റയിൽവേ സ്റ്റേഷനുകളിൽ ദിവസേന പ്രകടനം നടത്തുന്ന തെരുവ് കുട്ടികളുടെ നേർചിത്രം സ്ട്രീറ്റ് ഡ്രീംസ് എന്ന സൃഷ്ടിയിലൂടെ അതേപടി പകർത്തിയിരിക്കുന്നു. ബംഗാളിലെ പുരുലിയ ഗ്രാമത്തിൽ നിന്നും വീടുവിട്ടോടിയ വിക്കിയുടെ ബാല്യം കഷ്ടതകൾ നിറഞ്ഞതായിരുന്നു. റെയിൽവേ സ്റ്റേഷനിൽ അലഞ്ഞ് നടന്ന ബാലനെ സലാം ബാലക് എന്ന സന്നദ്ധ സംഘടന ഏറ്റെടുത്താണ് വളർത്തിയത്. തുടർന്ന് ഫോട്ടോഗ്രഫിയിൽ കമ്പം മൂത്ത് അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ത്രിവേണി കലാ സംഗത്തിലാണ് അദ്ദേഹം ഫോട്ടോഗ്രഫി പഠിച്ചത്. പിന്നീട് ഫാമിലി ഫോട്ടോകളെടുക്കുന്നതിൽ പ്രശസ്തനായ അനായ് മാനിനൊപ്പം പരിശീലനം നടത്തി.

ദിസ് സ്‌കാർഡ് ലാൻഡ്: ന്യൂ മൗണ്ടൈൻ സ്‌കേപ്‌സ് എന്ന സൃഷ്ടി ഹിമാചൽ പ്രദേശിലെ പർവ്വതനിരകളിലെ പ്രകൃതി ദൃശ്യത്തിന് വന്ന മാറ്റം പ്രതിഫലിപ്പിക്കുന്നു. വേൾഡ് ട്രേഡ് സെന്റർ പുനർനിർമാണം ഫോട്ടോ ഡോക്യുമെന്റ് ചെയ്യുന്നതിനായി 2008 ൽ യു.എസ് ആസ്ഥാനമായ മെയ്ബാഷ് ഫൗണ്ടേഷൻ തെരഞ്ഞെടുത്ത ഫോട്ടോഗ്രഫർ കൂടിയാണ് വിക്കി റോയി.