കൊച്ചി : ശബരിമലയിലെ യുവതീ പ്രവേശനത്തെത്തുടർന്നുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതി വിധിക്കുശേഷം പരിഗണിക്കാൻ ഹൈക്കോടതി മാറ്റി. ബിന്ദുവും കനകദുർഗയും ശബരിമലയിൽ ദർശനം നടത്തിയതടക്കമുള്ള കാര്യങ്ങൾ വ്യക്തമാക്കുന്ന സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട് ഇന്നലെ ദേവസ്വം ബെഞ്ചിന്റെ പരിഗണനയ്ക്കു വന്നു. അപ്പോഴാണ് സുപ്രീംകോടതി വിധിക്കുശേഷം ഇക്കാര്യങ്ങൾ പരിഗണിക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. എന്നാൽ ശബരിമലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ അടുത്ത ദിവസങ്ങളിൽ ഹൈക്കോടതി പരിഗണിക്കും.