കൊച്ചി: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും നടനുമായ ജാഫർ ഇടുക്കിയുൾപ്പെടെ ഏഴുപേരെ നുണപരിശോധനയ്‌ക്ക് വിധേയരാക്കാൻ എറണാകുളം സി.ജെ.എം കോടതി സി.ബി.ഐക്ക് അനുമതി നൽകി. ജാഫറിനെക്കൂടാതെ നടനും ടി.വി അവതാരകനുമായ സാബുമോൻ, ജോബി സെബാസ്റ്റ്യൻ, സി.എ. അരുൺ, എം.ജി. വിപിൻ, കെ.സി. മുരുകൻ, അനിൽകുമാർ എന്നിവർക്കാണ് പരിശോധന. പോളിഗ്രാഫ് ടെസ്റ്റിന് സമ്മതമാണെന്ന് ഇവർ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു
2016 മാർച്ച് ആറിനാണ് കലാഭവൻ മണി മരിച്ചത്. കരൾ രോഗമാണ് മരണകാരണമെന്ന നിഗമനത്തിൽ പൊലീസെത്തിയെങ്കിലും ശരീരത്തിൽ മെഥനോളിന്റെയും ക്ളോറോ പൈറിപ്പോസ് എന്ന കീടനാശിനിയുടെയും അംശം കണ്ടെത്തിയിരുന്നു. തുടർന്ന് മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ഇവർ നൽകിയ ഹർജിയിലാണ് അന്വേഷണം സി.ബി.ഐക്കു വിട്ടത്.