കാക്കനാട്: ഹൈക്കോടതി സീനിയർ അഭിഭാഷകനും മുൻ അഡീഷനൽ അഡ്വക്കറ്റ് ജനറലുമായ രാജൻ ജോസഫ് (74) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ടു 4 ന് തൃക്കാക്കര വിജോഭവൻ സെമിത്തേരിയിൽ. സ്വാതന്ത്ര്യ സമര സേനാനിയും അവിഭക്ത കോൺഗ്രസ് നേതാവുമായിരുന്ന കൂവപ്പടി നെടുങ്കണ്ടത്തിൽ പരേതനായ എൻ.പി. ജോസഫിന്റെയും ഫിലോമിനയുടെയും മകനാണ്. ഭാര്യ: തൊടുപുഴ പാറേക്കാട്ടിൽ ത്രേസ്യാമ്മ. മക്കൾ: ക്രിസ്റ്റീന ജയ്സൺ (യു.എസ്.എ), മറീന ജോസഫ് (ബംഗളൂരു). മരുമക്കൾ: മൂവാറ്റുപുഴ കല്ലറയ്ക്കൽ ജയ്സൺ (യു.എസ്.എ), ജോസഫ് ഡാനിയേൽ (ബംഗളൂരു). സഹോദരങ്ങൾ: ജോയി ജോസഫ് (ബിസിനസ്), ലീല ജോൺ, വത്സ ജോർജ്, ബാബു ജോസഫ് (കേരള കോൺഗ്രസ് എം സംസ്ഥാന ഹൈപവർ കമ്മിറ്റി അംഗം), ലില്ലി ഫ്രാൻസിസ്, പരേതനായ ഷാജു ജോസഫ്.
പ്രമുഖ ക്രിമിനൽ കേസ് അഭിഭാഷകനായിരുന്ന എസ്. ഈശ്വരയ്യരുടെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ച രാജൻ ജോസഫ് 1982 മുതൽ 1987 വരെ സീനിയർ ഗവ. പ്ലീഡറായിരുന്നു. 2001 മുതൽ 2006 വരെ അഡീഷനൽ അഡ്വക്കറ്റ് ജനറലായി പ്രവർത്തിച്ചു. ഹൈക്കോടതിയിൽ സംസ്ഥാന ഭവന നിർമാണ ബോർഡ്, കേരള ജല അതോറിറ്റി എന്നിവയുടെ അഭിഭാഷകനായിരുന്നു. കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ സംസ്ഥാന സർക്കാർ അഭിഭാഷകനായും പ്രവർത്തിച്ചു. ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ആർബിട്രേഷൻ പാനൽ അംഗമായിരുന്നു.