high

കൊച്ചി : മൂന്നാർ പഞ്ചായത്തി​ന്റെ അനധികൃത നിർമ്മാണം ഹൈക്കോടതി തടഞ്ഞു. മൂന്നാർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ഒ.വൈ. ഒൗസേപ്പിന്റെ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

മൂന്നാറിൽ റവന്യൂ വകുപ്പിന്റെ എൻ.ഒ.സിയും പഞ്ചായത്തിന്റെ അനുമതിയും ഇല്ലാതെ നിർമ്മാണങ്ങൾ നടത്തരുതെന്ന് 'വൺ എർത്ത് വൺലൈഫ്' എന്ന സംഘടനയുടെ ഹർജിയിൽ 2018 ജനുവരി 28 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മൂന്നാർ മുതിരപ്പുഴയോരത്ത് പഞ്ചായത്ത് നടത്തുന്ന നിർമ്മാണം ഇൗ ഉത്തരവിന്റെ ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു. ഹ‌ജികൾ മൂന്നാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.

കണ്ണൻ ദേവൻ ഹിൽസ് പ്ളാന്റേഷന്റെ മുൻഗാമി ജോൺ മൺറോയ്ക്ക് മൂന്നാറിലെ ഭൂമി കൈമാറാൻ തിരുവിതാംകൂർ സർക്കാരുണ്ടാക്കിയ ഉടമ്പടിയനുസരിച്ച് നദീതീരത്ത് 50 വാരയ്ക്കുള്ളിൽ നിർമ്മാണം പാടില്ലെന്നുണ്ട്. ഹൈക്കോടതി പിന്നീടതു ശരിവച്ചതാണെന്നും മൂന്നാർ പഞ്ചായത്ത് ഇതു ലംഘിച്ചെന്നും ഹർജിക്കാരൻ വാദിച്ചു.എസ്. രാജേന്ദ്രൻ എം.എൽ.എ ഉൾപ്പെടെയുള്ളവരുടെ നടപടി ഹൈക്കോടതിയുത്തരവിന്റെ ലംഘനമാണെന്നും റവന്യൂ അധികൃതരുടെ എൻ.ഒ.സിയില്ലാതെ കെട്ടിട നിർമ്മാണം നടത്തിയത് കോടതിയലക്ഷ്യമാണെന്നും സർക്കാരിനു വേണ്ടി അഡിഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ചിത്ത് തമ്പാനും ബോധിപ്പിച്ചു.

കെട്ടിട നിർമ്മാണത്തിന് അനുമതിയുണ്ടോ എന്ന ചോദ്യത്തിന് പഞ്ചായത്തിന്റെ പ്ളാൻ ഫണ്ടുപയോഗിച്ചാണ് നിർമ്മാണമെന്ന് മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ ഇതുപോരെന്നായിരുന്നു കോടതിയുടെ മറുപടി. പഞ്ചായത്തിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് വൺ എർത്ത് വൺ ലൈഫിന്റെ അഭിഭാഷകയും ബോധിപ്പിച്ചു. തുടർന്നാണ് ഹൈക്കോടതി നിർമ്മാണം തടഞ്ഞത്.