കൊച്ചി: ഹയർ സെക്കൻഡറി രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മേൽനോട്ടം വഹിക്കാൻ അദ്ധ്യാപകരെ നിയോഗിച്ചത് പരീക്ഷയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ. ഇന്നാണ് പരീക്ഷകൾ തുടങ്ങുന്നത്. മേൽനോട്ടം വഹിക്കേണ്ട അദ്ധ്യാപകരുടെ പുതുക്കിയ പട്ടിക ഡയറക്‌ടറേറ്റ് പ്രസിദ്ധീകരിച്ചതാകട്ടെ, ഇന്നലെ വൈകിട്ട് അഞ്ചരയോടെയും!
പ്രാക്ടിക്കൽ പരീക്ഷകൾക്ക് മറ്റു സ്കൂളുകളിലാണ് അദ്ധ്യാപകർക്ക് ഡ്യൂട്ടി നൽകുക. സുതാര്യമായി നടന്നിരുന്ന പരീക്ഷാ ഡ്യൂട്ടി ഇക്കുറി താളം തെറ്റിച്ചത് ഓൺലൈൻ സംവിധാനം നടപ്പാക്കിയതോടെയാണ് എന്നാണ് അദ്ധ്യാപകരുടെ ആക്ഷേപം. ഓൺലൈൻ പ്രക്രിയകളിൽ കാലതാമസം വന്നതായി ഡയറക്‌ടറേറ്റ് അധികൃതരും സമ്മതിക്കുന്നുണ്ട്.
പ്രാക്‌ടിക്കൽ പരീക്ഷാ മേൽനോട്ട ഡ്യൂട്ടി നിശ്ചയിച്ച് ആദ്യം ഒരു പട്ടിക പുറത്തുവന്നിരുന്നു. പക്ഷേ, പലർക്കും ഡ്യൂട്ടി ലഭിക്കാതിരുന്നത് ആക്ഷേപങ്ങൾക്കിടയാക്കി. ഇരുപതു ശതമാനം അദ്ധ്യാപകരെ മാത്രം ഉൾപ്പെടുത്തിയായിരുന്നു പട്ടിക. വിവിധ ജില്ലകളിലെ പകുതിയിലധികം സ്‌കൂളിലേക്കും ഡ്യൂട്ടി നിശ്ചയിച്ചിരുന്നുമില്ല.
വിവിധ കോംബിനേഷനുകളിലായി 16 വിഷയങ്ങളിലാണ് പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ. പൊതുപരീക്ഷാ ഡ്യൂട്ടിക്കു സമാനമായി പ്രാക്ടിക്കലിനും സംസ്ഥാന തലത്തിൽ തയ്യാറാക്കുന്ന എക്‌സാമിനർമാരുടെ പട്ടികയാണ് ഉപയോഗിക്കുന്നത്. ഈ പട്ടികയെക്കുറിച്ച് അഭിപ്രായവ്യത്യാസം വന്നതോടെയാണ് ഓൺലൈനായി ഇന്നലെ വൈകിട്ട് പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്.
സ്വതന്ത്ര സോഫ്റ്റ് വെയർ
കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി നാഷണൽ ഇൻഫോർമാറ്റിക് സെന്റർ നിർമ്മിച്ച സ്വതന്ത്ര സോഫ്ട് വെയർ ഉപയോഗിച്ചാണ് ഇത്തവണ ഡ്യൂട്ടി നിർണയം നടത്തിയത്. ഓൺലൈൻ പ്രക്രിയയിലെ പോരായ്മകളാണ് കാലതാമസം നേരിടാൻ കാരണമായത്.
വിവേകാനന്ദൻ
ജോയിന്റ് ഡയറക്ടർ, പരീക്ഷാ വിഭാഗം