delhi-fire

കൊച്ചി: ഡൽഹിയിൽ നിന്ന് സമ്മാനങ്ങളുമായി തിരിച്ചുവരുമെന്നു പറഞ്ഞുപോയവരുടെ മൃതദേഹങ്ങൾ കണ്ട് ഉറ്റവരും സുഹൃത്തുക്കളും തേങ്ങിക്കരഞ്ഞു. പുഷ്പചക്രങ്ങളും ചുവന്ന പട്ടും നെൻമണികളും അർപ്പി​ച്ച് മക്കളും മരുമക്കളും പേരക്കുട്ടികളും ശവപേടകത്തി​ൽ തലചേർത്തു വിതുമ്പിക്കരഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ ഡൽഹി കരോൾബാഗിൽ ഹോട്ടലിന് തീപിടിച്ച് വെന്തുമരിച്ച ചേരാനല്ലൂർ പനേലിൽ നളിനി അമ്മ ( 86) മക്കളായ പി.സി. വിദ്യാസാഗർ (60) പി.സി.ജയശ്രീ (53) എന്നിവരുടെ മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ സംസ്കരിച്ചു.

രാവിലെ 9.30 നാണ് മൃതദേഹങ്ങൾ ചേരാനല്ലൂരിലെ കുടുംബവീട്ടിലെത്തിച്ചത്. ഉച്ചയ്ക്ക് മറ്റൊരു വിമാനത്തിൽ യാത്രാസംഘത്തിലെ അവശേഷിച്ച പത്തു പേരും വീട്ടിലെത്തി. അന്ത്യകർമ്മങ്ങൾക്കു ശേഷം അമ്മയുടെയും സഹോദരന്റെയും മൃതദേഹങ്ങൾ മൂത്ത മകൻ സോമശേഖരന്റെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ജയശ്രീയുടെ മൃതദേഹം വൈകിട്ട് നാലിന് ചോറ്റാനിക്കരയിലെ ഭർത്താവിന്റെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

ഗാസിയാബാദിൽ നളിനിഅമ്മയുടെ സഹോദരി ഉമയുടെ ചെറുമകൾ പല്ലവിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് 13 പേരടങ്ങുന്ന സംഘം ഡൽഹിയിലെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വിവാഹം. തിങ്കളാഴ്ച താജ്‌മഹൽ സന്ദർശിച്ച സംഘം ഹരിദ്വാറിന് പോകാനായി ഒരുങ്ങുമ്പോഴാണ് രാവിലെ അഞ്ചിന് തീപ്പിടുത്തം. ഹോട്ടലിലെ നാലു മുറികളിലായാണ് കുടുംബം താമസിച്ചിരുന്നത്. അമ്മയും ജയശ്രീയും അവരുടെ മുറിയിൽ നിന്ന് നിലവിളിച്ച് പുറത്തേക്ക് ഓടിയെങ്കിലും പുകയും ചൂടും കാരണം രക്ഷപ്പെടാനായില്ലെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. ഇരുവരും ബോധരഹിതരായി വീണു. അവരുടെ കരച്ചിൽ കേട്ട് മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ വിദ്യാസാഗറിനും രക്ഷപ്പെടാനായില്ല. അമ്മയും സഹോദരങ്ങളും തങ്ങളെ പോലെ മുറിയിൽ തന്നെ തങ്ങിയിരുന്നെങ്കിൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുമായിരുന്നുവെന്ന് സോമശേഖരൻ നിറണ്ണുകളോടെ പറഞ്ഞു.

25 വർഷമായി കുവൈറ്റിലായിരുന്ന വിദ്യാസാഗർ ആറു മാസം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. അടുത്ത മാസം 17 ന് ഏകമകൻ വിഷ്ണുവിന്റെ വിവാഹം നടത്തുന്നതിന് ഒരുങ്ങുന്നതിനിടെയാണ് ദുരന്തം പതുങ്ങിയെത്തിയത്.