mla
ചെങ്ങമനാട് പുത്തൻതോട് വളവ് നികത്തുന്നതിൻെറ മുന്നോടിയായി ആരംഭിച്ച സർവേ റിപ്പോർട്ട് അൻവർസാദത്ത് എം.എൽ.എ പരിശോധിക്കുന്നു

നെടുമ്പാശേരി: ചെങ്ങമനാട് പുത്തൻതോട് വളവ് നികത്തുന്നതിന്റെ മുന്നോടിയായി സർവേ നടപടി പുനരാരംഭിച്ചു. ആലുവ താലൂക്ക് സർവേയർ എൻ.കെ .പ്രസാദ്, പൊതുമരാമത്ത് ആലുവ ഡിവിഷൻ റോഡ്‌സ് വിഭാഗം അസി.എൻജിനിയർ സജയ്‌ഘോഷ്, ഓവർസിയർ പി.പി. സിബി എന്നിവരുടെ നേതൃത്വത്തിലാണ് സർവേ നടപടിയാരംഭിച്ചത്.

പുത്തൻതോട് ഇറിഗേഷൻ പമ്പ് ഹൗസിന് സമീപത്തെ കലുങ്ക് മുതൽ ഏകദേശം 200 മീറ്ററോളം പടിഞ്ഞാറ് ഭാഗത്താണ് അതിർത്തി നിർണയം നടത്തിയത്. പ്രാഥമിക പരിശോധനയിൽ വ്യാപക കൈയേറ്റം കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗത്ത് കുറ്റിയടിച്ചിരിക്കുകയാണ്. പുത്തൻതോട്ടിലേയും സമീപങ്ങളിലേയും ദുരന്ത വളവുകൾ ഒഴിവാക്കാൻ അത്താണി മുതൽ ചുങ്കം വരെയാണ് ആദ്യഘട്ടം റോഡ് വികസിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. പുറമ്പോക്ക് കൈയേറ്റെമൊഴിപ്പിച്ചും പുതുതായി സ്ഥലം ഏറ്റെടുത്തും നാല് കിലോ മീറ്ററോളം ദൂരം റോഡ് വികസിപ്പിക്കാൻ സംസ്ഥാന ബഡ്ജറ്റിൽ 1.70 കോടി വകയിരുത്തിയിട്ടുണ്ട്. സർവേ നടപടികൾക്കും, അതിർത്തി നിർണയിച്ച് കല്ലിടുന്നതിനുംമറ്റുമായി സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം അടിയന്തരമായി അനുവദിച്ചിട്ടുണ്ട്.

ഒന്നര വർഷം മുമ്പ് സർവേ നടത്തിയെങ്കിലും തുടർ നടപടിയുണ്ടായില്ല. പുത്തൻതോട് വളവിലും സമീപങ്ങളിലും തുടരെ അപകടങ്ങളും, ഗതാഗതക്കുരുക്കമായി. ഒരു മാസം മുമ്പ് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ ദാരുണമായി മരിച്ചതോടെ വീണ്ടും ജനരോഷം ഉയരുകയും റോഡ് വികസനം സജീവമാകുകയും ചെയ്തത്. ഒന്നര വർഷം മുമ്പ് സർവേ നടത്തിയ ഭാഗത്ത് ഇപ്പോൾ വീണ്ടും സർവേ നടത്തേണ്ട സ്ഥിതിയാണ്. അതിർത്തി നിർണയിക്കുന്ന ഉടൻ സ്ഥാപിക്കാൻ കരിങ്കൽക്കൂറ്റികളും, ജോലിക്കാരും കൈയേറ്റം കണ്ടത്തെിയാൽ ഉടനെ നോട്ടീസ് നൽകുന്നതിനുമുള്ള തയ്യാറെടുപ്പോടെയാണ് ഇന്നലെ ഉദ്യോഗസ്ഥരത്തെിയത്.

അൻവർസാദത്ത് എം.എൽ.എ സ്ഥലത്തത്തെി സർവേ റിപ്പോർട്ടുകൾ പരിശോധിച്ചു. കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള പൂർണ പിന്തുണയും പ്രഖ്യാപിച്ചു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശേരി, ബ്‌ളോക്ക് പഞ്ചായത്തംഗങ്ങളായ ടി.എ. ഇബ്രാഹിംകുട്ടി, രാജേഷ് മടത്തിമൂല, പി.ആർ. രാജേഷ്, ജെർളി കപ്രശേരി, ലത ഗംഗാധരൻ, ടി.കെ. സുധീർ, എം.ബി. രവി, കെ.എം. അബ്ദുൽഖാദർ, വി.എൻ. സജീവ്കുമാർ, സുചിത്ര സാബു തുടങ്ങിയവർ നേതൃത്വം നൽകി.