നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ (സിയാൽ) തൊഴിൽ വാഗ്ദാനം ചെയ്‌ത് നിരവധി ഏജൻസികളും വ്യക്തികളും ഉദ്യോഗാർത്ഥികളെ സമീപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും സിയാൽ അധികൃതർ അറിയിച്ചു.
സിയാലിലും അനുബന്ധ സ്ഥാപനങ്ങളിലും നിരവധി തസ്‌തികകൾ ഒഴിവുണ്ടെന്നും അതിനായി തങ്ങൾ വഴിയാണ് അപേക്ഷിക്കേണ്ടതെന്നും കാണിച്ച് ചില ഏജൻസികളും വെബ്‌സൈറ്റുകളും പ്രചാരണം നടത്തുന്നുണ്ട്. പ്രാഥമിക അഭിമുഖത്തിന് പരിഗണിക്കണമെങ്കിൽ നിശ്ചിത തുക ഈ ഏജൻസികൾ ഉദ്യോഗാർത്ഥികളിൽ നിന്ന് ആവശ്യപ്പെടുന്നുണ്ട്. നിലവിൽ സിയാലിലോ ഉപസ്ഥാപനങ്ങളിലോ തൊഴിൽ ഒഴിവുകളില്ല. ഭാവിയിൽ ഒഴിവുണ്ടാകുന്ന സാഹചര്യത്തിൽ പത്രങ്ങളിലും www.cial.aero എന്ന ഔദ്യോഗിക വെബ്‌സൈറ്റിലും അറിയിപ്പുണ്ടാകും. എല്ലാ തസ്‌തികകൾക്കും ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. തൊഴിൽ തട്ടിപ്പ് നടത്തിയ ചില ഏജൻസികൾക്കെതിരെ സിയാൽ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം വാഗ്ദാനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ pro@cial.aero എന്ന ഇമെയിലിൽ അറിയിക്കണം.