കൊച്ചി: പ്രോ വോളി ലീഗിൽ കൊച്ചിയിലെ അവസാന മത്സരത്തിലും കലിക്കറ്റ് ഹീറോസിന് ഉജ്വലവിജയം. അഹമ്മദാബാദിനെ നാലു സെറ്റുകൾക്കാണ് തോല്പിച്ചത്. പോയിന്റ് : 15-14, 11-15, 15-11, 15-9, 15-8. കലിക്കറ്റിന്റെ പോൾ ലോട്ട്മാനാണ് കളിയിലെ കേമൻ.
അഹമ്മദാബാദ് സമ്മർദ്ദം ചെലുത്തിയെങ്കിലും ആദ്യ സെറ്റ് കലിക്കറ്റ് അനുകൂലമാക്കി. അഹമ്മദാബാദ് 12 ലും 14 ലും സമനില പിടിച്ചു. പോൾ ലോട്ട്മാന്റെ സ്മാഷിലൂടെ വിജയമുറപ്പിച്ചു. രണ്ടാം സെറ്റിൽ കലിക്കറ്റിന്റെ വീഴ്ചകളും മികച്ച പ്ളേസിംഗും സ്മാഷുമാണ് അഹമ്മദാബാദിന് വിജയം നൽകിയത്. വൈഷ്ണവ്, ഗുരീന്ദർസിംഗ്, മൻദീപ് സിംഗ് എന്നിവർ ജയത്തെ പിന്തുണച്ചു.
മൂന്നാം സെറ്റിലും മികവ് കാട്ടിയ അഹമ്മദാബാദിനെ തളയ്ക്കുന്നതിൽ അജിത്‌ലാലും പോൾ ലോട്ട്മാനും കാർത്തികും വൈഷ്ണവും നിർണായക പങ്ക് വഹിച്ചു. എട്ടിൽ സമനില പിടിച്ചായിരുന്നു കലിക്കറ്റിന്റെ കുതിപ്പ്. നാലാം സെറ്റിൽ ഉജ്വലമായ നീക്കങ്ങളിലൂടെയാണ് അവർ വിജയിച്ചത്. കനത്ത സ്മാഷുകളും ബ്ളോക്കുകളും പന്തടക്കത്തിലെ മികവും തുണയായി. അവസാന സെറ്റിൽ അഹമ്മദാബാദിന് കാര്യമായൊന്നും ചെയ്യാനായില്ല. എട്ടു പോയിന്റിൽ അവർ കീഴടങ്ങി.
ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 16 ന് ചെന്നൈയും യു. മുംബയും തമ്മിലാണ് അടുത്ത മത്സരം. 17 ന് ചെന്നൈയും അഹമ്മദാബാദും തമ്മിലും 18 ന് യു. മുംബയും അഹമ്മദാബാദും തമ്മിലും മത്സരിക്കും. 19 ന് സെമിഫൈനൽ മത്സരങ്ങൾ ആരംഭിക്കും. കൊച്ചിയും കോഴിക്കോടും സെമിഫൈനൽ ഉറപ്പിച്ചിട്ടുണ്ട്. 22 നാണ് ഫൈനൽ.
പോയിന്റ് നില
ടീം, കളികൾ, വിജയം, തോൽവി, പോയിന്റ് ക്രമത്തിൽ
കാലിക്കട്ട് ഹീറോസ് : 4, 5, 0, 11
കൊച്ചി ബ്ളൂ സ്പൈക്കേഴ്സ് : 5, 4, 1, 8
ഹൈദരാബാദ് ബ്ളാക്ക് ഹോക്സ് : 5, 2, 3, 4
ചെന്നൈ സ്പാർട്ടൻസ് : 3, 1, 2, 2
അഹമ്മദാബാദ് ഡിഫന്റേഴ്സ് : 2, 0, 2, 0
യു. മുംബ വോളി : 3, 0, 3, 0