കൊച്ചി : ശബരിമല തീർത്ഥാടകരുടെ സുരക്ഷയുടെ പേരിൽ തീർത്ഥാടനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിനുള്ള ഉത്തരവാദിത്വങ്ങളെ പൊലീസ് അട്ടിമറിക്കരുതെന്ന് ശബരിമല നിരീക്ഷണ സമിതി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ദേവസ്വം ഒാംബുഡ്സ്മാൻ ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ, ഡി.ജി.പി എ. ഹേമചന്ദ്രൻ എന്നിവരുൾപ്പെട്ട സമിതിയാണ് റിപ്പോർട്ട് നൽകിയത്. ഹൈദരാബാദിൽ നിന്നെത്തിയ സംഘത്തിന് ദേവസ്വം കമ്മിഷണർ ഭജന നടത്താൻ അനുമതി നൽകിയത് പൊലീസ് ഇടപെട്ട് റദ്ദാക്കാൻ ശ്രമിച്ചതു ചൂണ്ടിക്കാട്ടിയാണ് സമിതി ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ജനുവരിയിൽ ദർശനത്തിന് എത്തുമ്പോൾ ശബരിമല സന്നിധാനത്തെ നടപ്പന്തലിന്റെ വടക്കേയറ്റത്തെ സ്റ്റേജിൽ ഭജന നടത്താൻ ഹൈദരാബാദിൽ നിന്നുള്ള സംഘത്തിന് കഴിഞ്ഞ ഡിസംബർ 20 ന് ദേവസ്വം കമ്മിഷണർ രേഖാമൂലം അനുമതി നൽകിയിരുന്നു. ഭജന നടത്തുന്നതിന് ഒരു ദിവസം മുമ്പ് ജനുവരി 13 ന് പരിപാടി നടത്തരുതെന്ന് പൊലീസ് വാക്കാൽ നിർദേശിച്ചെന്ന് ചൂണ്ടിക്കാട്ടി സംഘം സമിതിയെ സമീപിച്ചു. തുടർന്ന് ഐ.ജി ബൽറാം കുമാർ ഉപാദ്ധ്യായയുമായി നിരീക്ഷണ സമിതി നടത്തിയ കൂടിക്കാഴ്ചയിൽ ഭജന നടത്താൻ അനുമതി നൽകാൻ ധാരണയായി. എന്നാൽ അനുമതി നൽകിയ ഉത്തരവ് റദ്ദാക്കാൻ ഐ.ജി ആവശ്യപ്പെട്ടെന്ന് അടുത്തദിവസം ദേവസ്വം കമ്മിഷണർ അറിയിച്ചു. ഇക്കാര്യത്തിൽ ഐ.ജി സമിതിയെ ബന്ധപ്പെട്ടിരുന്നുമില്ല. തുടർന്ന് സമിതി ഭജന നടത്താനുള്ള നടപടികൾക്ക് നിർദേശം നൽകി. വൈകുന്നേരം എതിർപ്പുമായി ഐ.ജി സമിതിക്കു മുന്നിലെത്തി. എന്നാൽ സമിതി നിർദേശിച്ചതുപോലെ പരിപാടി നടത്തി. പൊലീസും ദേവസ്വം ബോർഡും പരസ്പര ധാരണയോടെ പ്രവർത്തിക്കേണ്ടത് ഇത്തരം സാഹചര്യങ്ങളിലാണെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
മറ്റു നിർദേശങ്ങൾ
സംഘമായി എത്തുന്ന ഭക്തർക്ക് ഒരു ബസിൽ പമ്പയിലേക്ക് പോകാൻ കഴിയുന്ന തരത്തിൽ നിലയ്ക്കലിൽ നിന്നുള്ള ബസ് ഒാൺലൈനായി ബുക്ക് ചെയ്യാൻ സൗകര്യം ഏർപ്പെടുത്തണം. നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ ബസ് സർവീസ് നടത്താൻ ദേവസ്വം ബോർഡ് ആലോചിക്കുന്നുണ്ട്. ഇതു നടപ്പാക്കാൻ ഹൈക്കോടതി നിർദേശിക്കണം. പമ്പയുടെ പുനരുദ്ധാരണത്തിനുള്ള നടപടികൾക്ക് പദ്ധതി തയ്യാറാക്കാൻ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകണം. നിലയ്ക്കൽ മുതൽ പമ്പ വരെയുള്ള കെ.എസ്.ആർ.ടി.സി സർവീസുകളിൽ 13 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പകുതി ടിക്കറ്റ് ചാർജ്ജ് ആക്കണം.