mvpa-537
കാക്കുച്ചിറ മുരിങ്ങാംപാടം കനാൽ റോഡിന്റെ നിർമ്മാണോദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവ്വഹിക്കുന്നു

മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ കാക്കുച്ചിറ മുരിങ്ങാംപാടം കനാൽ റോഡിന്റെ നിർമ്മാണത്തിന് തുടക്കമായി. റോഡിന്റെ നിർമ്മാണോദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവ്വഹിച്ചു. എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25ലക്ഷം രൂപ അനുവദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ വത്സല ബിന്ദുകുട്ടൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു.ബേബി, ബാബു തട്ടാറുകുന്നേൽ, വിപിൻ ദാസ്, എം.പി.ലാൽ, എം.എൻ.മുരളി,എന്നിവർ സംസാരിച്ചു.

മാറാടി ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ കാക്കുച്ചിറമുരിങ്ങാംപാടം റോഡ് നവീകരിക്കണമെന്ന നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. 10വർഷം മുമ്പ് മെറ്റൽ വിരിച്ച റോഡ് മെറ്റൽ ഇളകി കാൽനടയാത്രപോലും ദുസ്സഹമായ നിലയിലായിരുന്നു. അംഗൻവാടി കുട്ടികൾ അടക്കം നിരവധി പേർ സഞ്ചരിക്കുന്ന റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ വത്സല ബിന്ദുകുട്ടൻ എൽദോ എബ്രഹാം എം.എൽ.എയ്ക്ക് നിവേദനം നൽകിയിരുന്നു.