കൊച്ചി : വിദ്യാർത്ഥികളുടെ യാത്രാ ദുരിതം വ്യക്തമാക്കി കേരളകൗമുദി പ്രസിദ്ധീകരിച്ച ചിത്രത്തിലെ ബസ് ഏതാണെന്ന് തിരിച്ചറിഞ്ഞോയെന്നും കുട്ടികൾ ഇപ്പോഴും യാത്രാ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടോയെന്നും ഹൈക്കോടതി ആരാഞ്ഞു. വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകാൻ ബാദ്ധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള ബസ് ഒാപ്പറേറ്റേഴ്സ് ഒാർഗനൈസേഷൻ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് അനിൽ നരേന്ദ്രൻ ഇക്കാര്യം ചോദിച്ചത്.
കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ കേരളകൗമുദി ഫെബ്രുവരി ഒന്നിന് പ്രസിദ്ധീകരിച്ച റാഫി എം. ദേവസിയെടുത്ത ചിത്രത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന യാത്രാ പ്രശ്നങ്ങൾ പരിശോധിക്കാൻ സിംഗിൾബെഞ്ച് നിർദ്ദേശം നൽകിയിരുന്നു. തൃശൂർ - ചാത്തക്കുഴി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ സീറ്രുകൾ ഒഴിഞ്ഞു കിടന്നിട്ടും നിന്ന് യാത്ര ചെയ്യുന്ന വിദ്യാർത്ഥിനികളുടെ ചിത്രമാണ് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചത്.
ഇന്നലെ ഹർജി വീണ്ടും പരിഗണനയ്ക്കു വന്നപ്പോൾ സർക്കാർ ഒരാഴ്ച കൂടി വിശദീകരണത്തിന് സമയം തേടി. കോടതി ഇതനുവദിച്ചു. കേരളകൗമുദി പ്രസിദ്ധീകരിച്ച ചിത്രത്തിലെ ബസ് ഏതെന്ന് തിരിച്ചറിയാൻ പ്രയാസമെന്താണെന്നും കുട്ടികൾ ഇത്തരത്തിൽ വിവേചനം നേരിടുന്നത് അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു. വൈറ്റില ഹബ്ബ് ഉൾപ്പെടെ നഗര പരിസരങ്ങളിൽ വിദ്യാർത്ഥികൾ നിന്നു യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടോയെന്നും ഏതു തരത്തിലുള്ള അന്വേഷണമാണ് ഇക്കാര്യത്തിൽ നടത്തിയതെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചു.