കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാന സ്ഥാനക്കാരായ കേരള ബ്ളാസ്‌റ്റേഴ്സും ചെന്നൈയിൻ എഫ്.സിയും ഇന്ന് ഏറ്റുമുട്ടും. ഇരു ടീമുകൾക്കും പ്‌ളേഓഫിലേക്കുള്ള വഴികൾ പൂർണമായും അടഞ്ഞു. വൈകിട്ട് ഏഴിന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം. 15 മത്സരങ്ങളിൽ ഒരു ജയം മാത്രം സ്വന്തമാക്കാനായ ബ്ലാസ്‌റ്റേഴ്‌സ് 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. രണ്ടു ജയമുണ്ടെങ്കിലും എട്ടു പോയിന്റാണ് ചെന്നൈയിന്റെ സമ്പാദ്യം,
കഴിഞ്ഞ മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള ബംഗ്ളൂരു എഫ്.സിയെ ഇരു ടീമുകളും വിറപ്പിച്ചിരുന്നു. അവസാന മത്സരത്തിൽ ബംഗ്‌ളുരൂ എഫ്.സിയെ 2-2ന് ബ്ലാസ്റ്റേഴ്‌സ് സമനിലയിൽ തളച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബംഗ്‌ളൂരിനെതിരെ ചെന്നൈയിന്റെ വിജയം. ആദ്യ മത്സരത്തിൽ കൊൽക്കത്തയോട് ജയിച്ച ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞ 14 മത്സരങ്ങളിലും ജയിക്കാനായില്ല. എട്ടെണ്ണത്തിൽ സമനില വഴങ്ങിയ ടീം ആറു പരാജയവും രുചിച്ചു. ഇന്ന് വൻ മാർജിനിൽ ചെന്നൈയിനോട് കൂടി തോറ്റാൽ ടീം അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ജയിച്ചാൽ ഡൽഹിയെ മറികടന്ന് ഒരു പടി മുന്നിലെത്താം. സീസണിലെ ആദ്യ മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സും ചെന്നൈയിനും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിരുന്നു.