കൊച്ചി: ബി.ജെ.പിയുടെ സാദ്ധ്യതാ സ്ഥാനാർത്ഥിപട്ടിക ഏകപക്ഷീയമായി തയ്യാറാക്കിയെന്ന പരാതി കോർ കമ്മിറ്റി യോഗത്തിൽ വിമർശനത്തിനിടയാക്കി.
ഒരു വിഭാഗം യോഗം ബഹിഷ്‌കരിച്ചതോടെ സാദ്ധ്യതാ പട്ടിക നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള വിശദീകരിച്ചു. പരാതി രമ്യമായി പരിഹരിക്കാൻ കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചതായാണ് സൂചന.
ഓരോ മണ്ഡലത്തിലും മത്സരിക്കാൻ കഴിയുന്നവരുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് നൽകിയതാണ് വിമർശനത്തിന് വഴിതെളിച്ചത്. തങ്ങളുമായി ആലോചിക്കാതെയാണ് പട്ടിക നൽകിയതെന്ന് വി. മുരളീധരനെ അനുകൂലിക്കുന്നവർ പരാതിപ്പെട്ടിരുന്നു. ഇന്നലെ വൈകിട്ട് ബി.ടി.എച്ച് ഹോട്ടലിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ വി. മുരളീധരൻ, കെ. സുരേന്ദ്രൻ, സി.കെ. പത്മനാഭൻ തുടങ്ങിയവർ പങ്കെടുക്കാതിരുന്നത് പ്രതിഷേധം അറിയിക്കാനാണെന്നും ആക്ഷേപം ഉയർന്നു.
വ്യക്തിപരമായ കാരണങ്ങളാലാണ് ചിലർ പങ്കെടുക്കാത്തതെന്നാണ് പാർട്ടിയുടെ വിശദീകരണം. ചിലർ സ്ഥലത്തില്ല. കോർ കമ്മിറ്റി യോഗങ്ങളിൽ എല്ലാവരും പങ്കെടുക്കാറില്ലെന്നും അവർ പറയുന്നു.
കേന്ദ്ര നേതൃത്വത്തിന് താൻ സാദ്ധ്യതാപട്ടിക കൈമാറിയിട്ടില്ലെന്ന് യോഗത്തിനിടെ പുറത്തിറങ്ങിയ ശ്രീധരൻപിള്ള പറഞ്ഞു. ഡൽഹിക്ക് പോയിട്ടില്ല. സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് കേന്ദ്രനേതൃത്വമാണ്. തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമോയെന്ന് തീരുമാനിക്കുന്നത് ബി.ഡി.ജെ.എസാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ദേശീയ ജനറൽ സെക്രട്ടറി മുരളീധരറാവു നിർദ്ദേശിച്ചതായാണ് വിവരം.