bdjs

കൊച്ചി : ബി.ഡി.ജെ.എസും ബി.ജെ.പിയും തമ്മിൽ ലോക്‌സഭാ സീറ്റ് ധാരണയിലെത്തി. ബി.ഡി.ജെ.എസിന് അഞ്ചു സീറ്റുകൾ നൽകും. ഇരു പാർട്ടികളുടെയും കമ്മിറ്റികൾ അംഗീകരിച്ചശേഷം സീറ്റുകളും സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കും.

ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ജനറൽ സെക്രട്ടറി സുഭാഷ് വാസു, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി മുരളീധരറാവു, ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

സീറ്റുധാരണയിലെത്തിയതായി തുഷാർ വെള്ളാപ്പള്ളിയും പി.എസ്. ശ്രീധരൻപിള്ളയും ചർച്ചയ്‌ക്കുശേഷം പറഞ്ഞു.

ബി.ജെ.പിയുമായി യാതൊരു പരിഭവവുമില്ലെന്നും തുഷാർ പറഞ്ഞു. സ്ഥാനാർത്ഥികൾ ആരെന്ന് പാർട്ടി കമ്മിറ്റി ചേർന്ന് തീരുമാനിക്കും. പാർട്ടിയെ നയിക്കുന്നയാളെന്ന നിലയിൽ എല്ലായിടത്തും പ്രവർത്തിക്കാനും ഭംഗിയായി കാര്യങ്ങൾ നടത്താനുമാണ് താൻ മത്സരിക്കില്ലെന്ന് പറഞ്ഞത്. അതിൽ മാറ്റം വേണോയെന്ന് പാർട്ടി തീരുമാനിക്കും. ബി.ജെ.പിയുമായി തർക്കമൊന്നുമില്ലെന്നും ചിലർ അങ്ങനെ പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തോടെ ധാരണ പരസ്യമാക്കുമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. സൗഹാർദ്ദപരമായി ഹൃദയത്തിൽ തട്ടിയ ബന്ധം ഒറ്റക്കെട്ടായി തുടരും. ഒരേ തൂവൽ പക്ഷികളായി പ്രവർത്തിച്ച് തിരഞ്ഞെടുപ്പിനെ നേരിടും. രാത്രി പത്തിനാരംഭിച്ച ചർച്ച 11.30നാണ് സമാപിച്ചത്.