കൊച്ചി: കേരളത്തിലെ ഐ.ടി മേഖലയിലെ ഏറ്റവും വലിയ നിക്ഷേപകർ എന്ന പെരുമയുമായി ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ സാൻഡ്‌സ് ഇൻഫിനിറ്റ് മന്ദിരം കൊച്ചി സ്‌മാർട് സിറ്റിയിൽ ഉയരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഐ.ടി മന്ദിരമായിരിക്കും ഇത്. 152 മീറ്ററാണ് ഈ ഇരട്ട മന്ദിരങ്ങളുടെ ഉയരം. 2021ൽ പ്രവർത്തനം തുടങ്ങുന്ന മന്ദിരത്തിൽ 25,000 പേർക്ക് തൊഴിൽ ലഭിക്കും. 1,200 കോടി രൂപയുടെ നിക്ഷേപത്തോടെയാണ് മന്ദിരം ഉയരുന്നത്.
ഭൂമിക്കടിയിലെ മൂന്നു നിലയും ഗ്രൗണ്ട് ഫ്ളാേറും കൂടാതെ 29 നിലകളുള്ള പദ്ധതിയാണിത്. പരിസ്ഥിതി സൗഹാർദ്ദമായി 2015ലാണ് നിർമ്മാണം ആരംഭിച്ചത്. 29 നിലകളിലായി 36 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലവും മൂന്ന് നിലകളിലായി 4,200 കാർ പാർക്കിംഗ് സൗകര്യവുമുണ്ടാകും. അതിവേഗ ലിഫ്‌റ്റുകളും എസ്‌കലേറ്ററുകളും പ്രത്യേകതയായിരിക്കും. സ്‌മാർട്സിറ്റി കൊച്ചിയിൽ 12.74 ഏക്കറിലാണ് പദ്ധതി പൂർത്തിയാകുന്നത്. സാൻഡ്‌സ് ഇൻഫിനിറ്ര് യാഥാർത്ഥ്യമാകുമ്പോൾ സ്‌മാർട് സിറ്രിയിലേക്ക് കൂടുതൽ അന്താരാഷ്‌ട്ര കമ്പനികളെ ആകർഷിക്കാനാകുമെന്ന് സ്‌മാർട് സിറ്റി കൊച്ചി സി.ഇ.ഒ മനോജ് നായർ പറഞ്ഞു.