mvpa-545
ആവോലി മൾട്ടി പർപ്പസ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു. എൽദോ എബ്രഹാം എം.എ..എ, കെ.ഇ. മജീദ്, ടി.എം.ഹാരീസ്, ജോർ ഡി.എൻ വർഗീസ് , വി.കെ. ഉമ്മർ എന്നിവർ സമീപം

മൂവാറ്റുപുഴ: സംസ്ഥാനത്ത് വീടും സ്ഥലവുമില്ലാത്തവർക്ക് സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ടായിരം ഫ്ളാറ്റുകൾ നിർമ്മിച്ചു നൽകുമെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആവോലി മൾട്ടി പർപ്പസ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാരോ സ്വകാര്യ വ്യക്തികളോ സൗജന്യമായി നൽകുന്ന ഭൂമിയിലായിരിക്കും ഇത്തരത്തിൽ സൗജന്യ ഫ്‌ളാറ്റുകൾ നിർമ്മിച്ചു നൽകുന്നത്.

സംസ്ഥാനത്ത് പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി 2000 വീടുകളാണ് സഹകരണ വകുപ്പ് പുനർനിർമ്മിക്കുന്നത്. ഇതിൽ 200 വീടുകളുടെ നിർമ്മാണം പൂർത്തിയായി. 26 ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽദാനം നിർവഹിക്കും. ബാക്കി 1800 വീടുകളുടെ നിർമ്മാണം ഏപ്രിലിന് മുമ്പ് പൂർത്തിയാക്കും. സംസ്ഥാനത്തെ സഹകരണ മേഖലയുടെ പ്രവർത്തനം ഇതര സംസ്ഥാനങ്ങൾക്കും മാതൃകയാണ്. നോട്ടുനിരോധനം വന്നതോടെ ഈ മേഖല തകരുമെന്ന് സ്വപ്നം കണ്ടവർ നിരാശരായി. കേരളീയസമൂഹം ഒറ്റക്കെട്ടായി നിന്നാണ് സഹകരണ മേഖലയെ സംരക്ഷിച്ചത് . അഴിമതിയും കെടുകാര്യസ്ഥതയും മൂലം തകർന്നിരുന്ന കൺസ്യൂമർഫെഡ് അടക്കമുള്ള പല സഹകരണ സ്ഥാപനങ്ങളും ഇപ്പോൾ വളർച്ചയുടെ പാതയിലാണ്. കേരള ബാങ്കിന്റെ വരവിൽ രാഷ്ട്രീയം കലർത്തി തകർക്കാൻ ശ്രമിക്കുന്നത് ശരിയായ രീതിയല്ലെന്നും മന്ത്രി പറഞ്ഞു. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ് കെ.ഇ. മജീദ്, ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർഡി.എൻ. വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എം. ഹാരിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽക്കീസ് റഷീദ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അയ്യൂബ്ഖാൻ, മെമ്പർമാരായ സുഹറ സിദ്ദീഖ്, എം.കെ.അജി, മോളി ജയിംസ്, ആനിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് വി.കെ. ഉമ്മർ, വൈസ് പ്രസിഡന്റ് എം.എം. മുഹമ്മദ്കുഞ്ഞ്, സംഘം ഹോണററി സെക്രട്ടറി കുരുവിള മാങ്കൂട്ടം എന്നിവർ സംസാരിച്ചു.