mokshanam

നെടുമ്പാശേരി : രണ്ടംഗ മുഖംമൂടി സംഘം ഒറ്റയ്‌ക്ക് താമസിക്കുന്ന വനിതാ ഡോക്ടറെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം 90 പവനും 70,000 രൂപയും കവർന്നു. അത്താണി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് സമീപം താമസിക്കുന്ന ചെങ്ങമനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഗ്രേസ് മാത്യുവിന്റെ (54) വീട്ടിൽ ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു സംഭവം.

മഞ്ഞപ്ര സ്വദേശിയായ ഡോ. ഗ്രേസ് മാത്യു 15 വർഷമായി ഇവിടെ തനിച്ചാണ് താമസിക്കുന്നത്. ഭർത്താവ് ഡോ. മാത്യു ന്യൂയോർക്കിലും മകൻ ഡോ. അജിത്ത് മുംബയിൽ നേവിയിലുമാണ്. മുഖംമൂടിയും അടിവസ്ത്രവും ധരിച്ചാണ് മോഷ്ടാക്കളെത്തിയത്. വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ താഴത്തെയും മുകളിലത്തെയും നിലകളിൽ തെരച്ചിൽ നടത്തിയ ശേഷമാണ് ഗ്രേസ് മാത്യു ഉറങ്ങിക്കിടന്ന മുറിയിലെത്തിയത്. ശബ്ദം കേട്ട് എഴുന്നേറ്റ ഗ്രേസിനെ കട്ടിലിലേക്ക് തള്ളിയിട്ട് ഒഴിഞ്ഞ മദ്യക്കുപ്പി വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും കവർന്നത്.
ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിന് രണ്ടുമാസം മുമ്പാണ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം തിരിച്ചെടുത്തത്. ഇക്കാര്യം വ്യക്തമായി അറിയാവുന്നവരാണ് കവർച്ചയ്‌ക്ക് പിന്നിലെന്നാണ് പൊലീസ് വിലയിരുത്തൽ. ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ. നായർ, ആലുവ ഡിവൈ.എസ്.പി എൻ.ആർ. ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ദ്ധരും അന്വേഷണം ആരംഭിച്ചു. പൊലീസ് നായ വീടിന് പിന്നിലെ മതിലിന് സമീപം വരെ ഓടി നിന്നു. സമീപത്തെ സി.സി ടിവി ദൃശ്യം പൊലീസ് ശേഖരിച്ചു. ചെങ്ങമനാട് എസ്.ഐ സുധീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.