sister-lucy-kalapurakal

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ പങ്കെടുത്ത സിസ്റ്റർ ലൂസിയെ സന്യസ്ത സമൂഹത്തിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി നോട്ടീസ്. ലൂസി കളപ്പുര മുമ്പ് നൽകിയ വിദശീകരണങ്ങൾ തൃപ്തികരമല്ലെന്ന് കാട്ടിയാണ് രണ്ടാമതും നോട്ടീസ് നൽകിയത്.

ആലുവയിലെ അശോകപുരം ആസ്ഥാനമായ ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് സന്യസ്തസഭയുടെ സൂപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫിന്റേതാണ് നോട്ടീസ്. മുമ്പ് നൽകിയ നോട്ടീസിലും നിർദ്ദേശങ്ങളിലും മാർച്ച് പത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്.

സഭാനിയമങ്ങളും സന്യസ്തസഭയുടെ ചട്ടങ്ങളും നിരവധി തവണ ലൂസി ലംഘിച്ചിട്ടുണ്ട്. തിരുത്തണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തെറ്റായ മനോഭാവം ഉപേക്ഷിച്ച്‌ സന്യസ്തസഭയുടെ ഭരണഘടനയ്ക്കും ചട്ടങ്ങൾക്കും കീഴടങ്ങണമെന്നും നോട്ടീസിൽ പറയുന്നു. നേരിട്ടെത്തി വിശദീകരണം നൽകാൻ ജനുവരി ഒന്നിന് ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. രേഖാമൂലം നൽകിയ മറുപടിയിൽ തെറ്റുകൾ അംഗീകരിക്കാനും തയ്യാറായില്ല. സഭാനിയമങ്ങളെക്കാൾ വ്യക്തിപരമായ ന്യായീകരണത്തിനാണ് ശ്രമിച്ചത്. സഭയുടെ അനുമതി കൂടാതെ അദ്ധ്യാപികയെന്ന നിലയിൽ ലഭിക്കുന്ന വരുമാനം ചെലവഴിച്ചു.

ജീവിതശൈലിയും പ്രവൃത്തികളും സന്യാസിനിക്ക് ചേർന്ന രീതിയിലല്ല. ന്യായീകരണങ്ങൾ മുഴുവൻ വ്യക്തിപരമാണ്. രണ്ടാമതൊരു തിരുത്തലിന് അവസരത്തിനാണ് വീണ്ടും നോട്ടീസ് നൽകുന്നത്. 11 തെറ്റുകളും നോട്ടീസിൽ ഉന്നയിക്കുന്നുണ്ട്.

സഭയിൽ നിന്ന് പുറത്താക്കാൻ കാരണമാകുന്ന തെറ്റുകളാണ് ചെയ്തിട്ടുള്ളത്. സ്വയം തിരുത്താനും ചട്ടങ്ങൾ പൂർണമായി പാലിക്കാനും ഇതുവരെ തയ്യാറായിട്ടില്ലെന്നും നോട്ടീസിൽ പറയുന്നു.

വയനാട് മാനന്തവാടി രൂപതയിലെ കാരയ്ക്കാമല വിമലഹോം അംഗമാണ് അദ്ധ്യാപിക കൂടിയായ വയനാട് സ്വദേശി സിസ്റ്റർ ലൂസി കളപ്പുര. കന്യാസ്ത്രീയെ മാനഭംഗം ചെയ്ത കേസിൽ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് സിസ്റ്റർ രംഗത്തുവന്നിരുന്നു. സ്വന്തമായി കാർ വാങ്ങുകയും കവിതാസമാഹാരം പ്രസിദ്ധീകരിക്കുകയും ചെയ്തു. സഭാവസ്ത്രത്തിന് പകരം ചുരിദാറിട്ട് വനിതാമതിൽ നടന്ന ദിവസം ഫേസ്ബുക്കിൽ ഫോട്ടോ നൽകുകയും ചെയ്തിരുന്നു.