കൊച്ചി: കാരുണ്യത്തിന്റെ തണൽ ഒരുങ്ങി. ഹൈബി ഈഡൻ എം.എൽ.എ നടപ്പാക്കുന്ന ചേരാം ചേരാനെല്ലൂരിനൊപ്പം തണൽ ഭവന പദ്ധതിയിലെ 8, 9 വീടുകളുടെ താക്കോൽ കൈമാറി. താക്കോൽ ദാനം ജ്യോതി ലാബോറട്ടറീസ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എം.പി രാമചന്ദ്രൻ നിർവ്വഹിച്ചു. സിനിമ താരങ്ങളായ ഷെയ്ൻ നിഗവും നമിത പ്രമോദും വിശിഷ്ടാതിഥികളായി. ചേരാനെല്ലൂർ പഞ്ചായത്ത് 15-ാം വാർഡിൽ മട്ടുമ്മൽ റോഡിൽ താമസിക്കുന്ന അപർണക്കും അഞ്ജനക്കും മൂന്നാം വാർഡിൽ മംഗലശേരി കോളനിയിൽ എലിസബത്തിനുമാണ് വീടുകളുടെ താക്കോൽ കൈമാറിയത്.
17 വർഷങ്ങൾക്ക് മുമ്പ് അമ്മയും മൂന്നു വർഷം മുമ്പ് അച്ഛനും കാൻസർ രോഗം മൂലം മരണമടഞ്ഞതോടെ സഹോദരങ്ങളായ അപർണയും അഞ്ജനയും തനിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്. പ്രളയത്തിൽ ഇവരുടെ വീട് താമസയോഗ്യമല്ലാതായി. ഹൈബി ഈഡൻ എം.എൽ.എയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകാൻ തീരുമാനിച്ചു. ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് ഗൃഹോപകരണങ്ങളും നൽകി. 500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളിൽ രണ്ട് കിടപ്പ് മുറികളും അടുക്കളയും സ്വീകരണ മുറിയും ടോയ്ലെറ്റുമുണ്ട്. ജ്യോതി ലബോറട്ടറീസ് ലിമിറ്റഡാണ് രണ്ട് വീടുകളുടെയും സ്പോൺസർ. ഇതു വരെ 27 വീടുകളുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു. ഒമ്പത് വീടുകൾ കൈമാറി. ഹൈബി ഈഡൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജ്യോതി ലബോറട്ടറീസ് ജോയിന്റ് എം.ഡി ഉല്ലാസ് കമ്മത്ത്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ആന്റണി, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു തുടങ്ങിയവർ പങ്കെടുത്തു.