light
മണപ്പുറം നടപ്പാലത്തിലെ ലൈറ്റുകൾ തെളിച്ചപ്പോൾ

ആലുവ: പ്രളയത്തിനു ശേഷം മിഴിയടച്ച മണപ്പുറം നടപ്പാലത്തിലെ എൽ.ഇ.ഡി ലൈറ്റുകൾ ശിവരാത്രിയെത്തിയതോടെ വീണ്ടും തെളിഞ്ഞു. പ്രളയത്തിൽ തകർന്ന ലൈറ്റുകൾ നേരെയാക്കുന്നതിനെച്ചൊല്ലി പൊതുമരാമത്ത് അധികൃതരും നഗരസഭയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ലൈറ്റിന്റെ വാറന്റി കാലാവധി വരെ പി.ഡബ്‌ളിയു.ഡിയാണ് അറ്റകുറ്റപ്പണി ചെയ്യേണ്ടത്. എന്നാൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാവാതെ വന്നതോടെ തർക്കമായി.

ഒടുവിൽ ശിവരാത്രി ആഘോഷം പടിവാതിക്കലെത്തിയതോടെ നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാമിന്റെ നിർദേശപ്രകാരം സ്ഥിരം സമിതി അധ്യക്ഷൻ ജെറോം മൈക്കിൾ മുൻകൈ എടുത്താണ് കഴിഞ്ഞ ദിവസം ലൈറ്റുകളുടെയും തൂണുകളുടെയും തകരാറുകൾ പരിഹരിച്ച് ലൈറ്റുകൾ പ്രകാശിപ്പിച്ചത് . 50 ഓളം എൽ.ഇ.ഡി ലൈറ്റുകൾ മാറ്റി ഇടേണ്ടി വന്നു. ഏതാനും ദിവസം മുൻപ് ബൈപ്പാസ്, തോട്ടക്കാട്ടുകര എന്നിവിടങ്ങളിൽ മാസങ്ങളായി പ്രവർത്തിക്കാതിരുന്ന ഹൈമാസ്റ്റ് ലൈറ്റുകളും നഗരസഭാ പൊതുമരാമത്ത് വിഭാഗം ശരിയാക്കിയിരുന്നു.