kashmir-

പുൽവാമയുടെ ബാക്കി എന്താവും, എങ്ങനെയാവും എന്നതിൽ ഒരു ഇന്ത്യക്കാരനും സംശയമുണ്ടാവുമെന്ന് തോന്നുന്നില്ല. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ സൂചനകൾ വേണ്ടുവോളമാണ്. " ഈ ബലിദാനം വെറുതെയാവില്ല; വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ ചോരക്ക് രാജ്യം ശക്തമായ മറുപടി നൽകും; ഭീകരരും ഭീകരരെ പ്രോത്സാഹിപ്പിക്കുന്നവരും കനത്ത വില നൽകേണ്ടിവരും " എന്ന് അദ്ദേഹം പറഞ്ഞതിൽ എല്ലാമുണ്ടല്ലോ. വേറൊന്ന് കൂടി മോദി പരസ്യമായി പറയുകയുണ്ടായി; " ഇക്കാര്യത്തിൽ എപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കാൻ സുരക്ഷാസേനയെ ചുമതലപ്പെടുത്തി''. അതും വ്യക്തത വേണ്ടതിലധികം നൽകുന്നുണ്ട്. സൈനിക നടപടി ഉണ്ടാവുമെന്ന് തീർച്ചയാണ് എന്നതല്ലേ അത് പറയുന്നത് ; പക്ഷെ അതിനു മുൻപ് നയതന്ത്ര തലത്തിലെ നീക്കങ്ങളാണ് നടക്കുക.

ജമ്മു കാശ്മീരിൽ ഭീകര പ്രവർത്തനം തുടങ്ങിയിട്ട് കാലമേറെയായി, ദശാബ്ദങ്ങളായി. പരിഹാരത്തിന് പലവിധ ശ്രമങ്ങൾ നടന്നിട്ടുണ്ട്. അതിൽ എടുത്തുപറയേണ്ടത് എബി വാജ്‌പേയി സർക്കാർ സ്വീകരിച്ച നടപടികളാണ്. പാകിസ്താനെ വിശ്വാസത്തിലെടുത്തുകൊണ്ട് ഒരു പരിഹാരം എന്നതായിരുന്നു അപ്പോഴും ഇന്ത്യ ആഗ്രഹിച്ചിരുന്നത്. ലാഹോറിലേക്ക് വാജ്‌പേയി നടത്തിയ ബസ് യാത്ര, അതിനെത്തുടർന്നുണ്ടായ ലാഹോർ പ്രഖ്യാപനം. യഥാർഥത്തിൽ ലോകം കാതോർപ്പിച്ചു നിന്ന ദിനങ്ങളായിരുന്നു അത്. വാജ്‌പേയിയുടെ നയതന്ത്രം വിജയത്തിന്റെ വക്കിലെത്തി എന്നുവരെ കരുതിയവരുണ്ടായിരുന്നുവല്ലോ. പക്ഷെ, അന്നത്തെ പാക് പട്ടാള മേധാവി പർവേസ് മുഷാറഫ് നമുക്ക് സമ്മാനിച്ചത് കാർഗിൽ യുദ്ധമാണ്. ഇരുട്ടിന്റെ മറവിൽ കാർഗിൽ മലനിരകളിൽ കയറിക്കൂടിയ പാക് പട്ടാളക്കാർ ലക്ഷ്യമിട്ടത് ഇന്ത്യയെ തകർക്കലായിരുന്നുവല്ലോ. പക്ഷെ, ചരിത്രത്തിൽ ഇതാദ്യമായി അതിർത്തി ലംഘിക്കാതെ തന്നെ ആ ശത്രു സൈന്യത്തെ തുരത്താൻ ഇന്ത്യക്കായി. പിന്നീട് അതെ മുഷാറഫ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അട്ടിമറിച്ച് പ്രസിഡന്റായതും മറ്റും ചരിത്രം. എന്നിട്ടും മുഷാറഫിനെ വാജ്‌പേയി ചർച്ചക്കായി ക്ഷണിച്ചു; അതാണ് ആഗ്ര ഉച്ചകോടി. അത് വിജയത്തിലേക്ക് എത്തിയില്ല എന്ന് മാത്രമല്ല പാർലമെന്റ് ആക്രമണത്തിലൂടെ അവർ നമ്മോട് പ്രതികരിക്കുകയും ചെയ്തു. സ്വതവേ സമാധാനപ്രിയനും നയതന്ത്രത്തിൽ വിശ്വസിക്കുന്നയാളുമായ വാജ്പേയിക്കും അതോടെ നിലതെറ്റി. "നമുക്ക് സുഹൃത്തുക്കളെ മാറ്റാം, എന്നാൽ അയൽക്കാരനെ മാറ്റാനാവില്ലല്ലോ" എന്ന് അദ്ദേഹത്തിനെക്കൊണ്ട് പറയിച്ചത് ഓർക്കുക. യഥാർഥത്തിൽ വാജ്‌പേയിയുടെ പാതയിലൂടെയാണ് നരേന്ദ്ര മോദിയും തുടങ്ങിവെച്ചത്. തന്റെ സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് 'സാർക് ' രാഷ്ട്രത്തലവന്മാരെ ക്ഷണിച്ചുവരുത്തിയത്; പിന്നീട് ആ സൗഹൃദം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചത് ..... എന്നാൽ അതൊന്നും ഫലം ചെയ്തില്ല. 'ചെകുത്താനോട് വേദമോതിയിട്ട്‌ കാര്യമില്ലെന്ന' വായ്മൊഴി മോദിക്കും ബോധ്യമായി എന്ന് വേണം കരുതാൻ. താഴ്വരയിലെ മുസ്ലിം സോദരരുടെ പിന്തുണയുള്ള പി.ഡി.പിയുമായി ചേർന്ന് ജമ്മുകാശ്മീരിൽ ഭരണത്തിന് ബി.ജെ.പി തയ്യാറായത് പോലും അധികാരം നുണയുക എന്നതിനപ്പുറം ചില ദേശീയ പ്രതീക്ഷകൾ വെച്ചുകൊണ്ടാണ്. 'ഉറി ആക്രമണ'ത്തോടെ സർവ സീമകളും ലംഘിക്കുകയായിരുന്നുവല്ലോ പാകിസ്ഥാൻ ഭീകരർ. അതിന് ഇന്ത്യ നൽകിയ മറുപടി 'സർജിക്കൽ സ്ട്രൈക്ക്' ആയിരുന്നു. എന്നാൽ അതിൽനിന്നൊക്കെ പാഠം പഠിക്കാൻ ഇസ്ലാമബാദ് തയ്യാറായില്ല. ഇവിടെ കാര്യങ്ങൾ വ്യക്തമാണ്. പുൽവാമയിലെ ആക്രമണം ഒരുക്കിയത് തങ്ങളാണ് എന്ന് ജെയ്ഷ് ഇ മുഹമ്മദ് ഏറ്റുപറഞ്ഞിട്ടുണ്ട്. ആരാണ് ആ ഭീകര പ്രസ്ഥാനത്തിന്റെ തലവൻ എന്നും അയാൾക്കും സംഘടനക്കും പാക് മണ്ണിൽ കിട്ടുന്ന സംരക്ഷണം എന്താണ് എന്നും എല്ലാവർക്കുമറിയാം.

ഭീകരാക്രമണം സംബന്ധിച്ച അന്വേഷണങ്ങൾ എൻ.ഐ.എ ആരംഭിച്ചു കഴിഞ്ഞു. മറ്റ്‌ സംസ്ഥാന- കേന്ദ്ര ഏജൻസികളും അവർക്കൊപ്പമുണ്ട്. ആദിൽ അഹമ്മദ് ധർ ആണ് അത് നടപ്പിലാക്കിയത്; അതിന് സഹായവുമായി എത്തിയത് പാക്കിസ്ഥാനിൽ നിന്നുള്ളവരാണ് എന്നതും ഏറെക്കുറെ വ്യക്തമായത്രേ. എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നില്ല. ഈ ആക്രമണത്തിന് നാട്ടുകാരായ കുറേപ്പേരുടെ സഹായവും ലഭിച്ചിരിക്കണം; അവരും കുടുങ്ങാനിരിക്കുന്നു. അതൊക്കെ വേണ്ടവിധത്തിൽ നടക്കട്ടെ. എന്നാൽ ഇന്ത്യ മൂന്ന് തലത്തിലാണ് കരുക്കൾ നീക്കിത്തുടങ്ങിയത്. ഒന്ന്, നേരത്തെ സൂചിപ്പിച്ചത് പോലെ സൈനിക നടപടിക്കുള്ള ആലോചനകൾ. രണ്ട്‌ : നയതന്ത്ര തലത്തിൽ ചെയ്യേണ്ടത്. മൂന്ന്; ഭീകരാക്രമണം സംബന്ധിച്ച അന്വേഷണം, തെളിവ് ശേഖരണം തുടങ്ങിയവ. സംഭവമുണ്ടായത് മുതൽ നമ്മുടെ ഭരണകൂടം അതിൽ വ്യാപൃതരാണ്. സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ചേർന്ന് പദ്ധതികൾക്ക് രൂപരേഖ തയ്യാറാക്കി. പാക്കിസ്ഥാനുണ്ടായിരുന്ന "അഭിമത രാഷ്ട്ര ( എം.എഫ്‌.എൻ ) പദവി" ആദ്യമേ റദ്ദാക്കി. വാണിജ്യ-സാമ്പത്തിക മേഖലയിൽ ഇപ്പോഴേ വലിയ പ്രതിസന്ധി നേരിടുന്ന ഇസ്ലാമാബാദിനെ അത് വല്ലാതെ ബാധിക്കുകതന്നെ ചെയ്യും. അതിനു പിന്നാലെ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന സാമഗ്രികളുടെ തീരുവ 200 ശതമാനമായി വർധിപ്പിച്ചു. അതോടെ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി ഏറെക്കുറെ നിന്നുപോകും. മറ്റൊന്ന് ആഗോള തലത്തിൽ ഇന്ത്യ ഇക്കാര്യത്തിൽ നേടിയെടുത്ത പിന്തുണയാണ്. ലോകരാജ്യങ്ങൾ ഇന്ത്യക്കൊപ്പം മണിക്കൂറുകൾക്കകം അണിനിരന്നു; അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ, ജർമ്മനി, ജപ്പാൻ, കാനഡ, പോർച്ചുഗൽ, ലബനോൻ ....... ഇസ്ലാമിക രാജ്യങ്ങളും, ആസിയാൻ രാഷ്ട്രങ്ങളും ഭീകരാക്രമണങ്ങളെ അപലപിച്ചിട്ടുണ്ട്. പാക് സന്ദർശനം മാറ്റിവെക്കാൻ സൗദി അറേബ്യൻ രാജാവ് തയ്യാറായത് ചെറിയ കാര്യമല്ല. 'സാർക് ' രാജ്യങ്ങളും ഇന്ത്യക്കൊപ്പമാണ്. ഒരു പക്ഷെ പാക്കിസ്ഥാനും ചൈനയും മാത്രമാണ് ഒളിച്ചുകളി നടത്തുന്നത്. അത് അപ്രതീക്ഷിതമല്ലതാനും. സൂചിപ്പിച്ചത്, ലോകം മുഴുവൻ ഇക്കാര്യത്തിൽ ഇന്ത്യക്കൊപ്പമാണ്; അവരെ കാര്യങ്ങൾ പറഞ്ഞുബോധ്യപ്പെടുത്താൻ മണിക്കൂറുകൾക്കകം മോഡി സർക്കാരിന് കഴിഞ്ഞു. വാഷിംഗ്‌ടൺ അടക്കം പലരും പാകിസ്താനെ പേരെടുത്തു പറഞ്ഞുകൊണ്ട് തന്നെ വിമർശിച്ചിട്ടുമുണ്ട്. പാക്കിസ്ഥാൻ പരിപൂർണ്ണമായി ഒറ്റപ്പെടുന്നത് വെറും 48 മണിക്കൂറിനുള്ളിൽ കാണാനായി എന്നതാണ് ആദ്യ നേട്ടം; നയതന്ത്ര വിജയം. ഇനിയുള്ളത് ..... അത് തീരുമാനിക്കേണ്ടത് സുരക്ഷാ സേനയാണ്. നരേന്ദ്രമോദി പറഞ്ഞത് പോലെ, രാജ്യത്തിന് അവരിൽ പൂർണ വിശ്വാസമാണ്..... ഇതിനിടയിൽ രാജ്യത്തെ ഒറ്റക്കെട്ടായി നിർത്താനും സർക്കാർ നീക്കം നടത്തി. സർവകക്ഷി യോഗം അതിന്റെ ഭാഗമായിരുന്നുവല്ലോ. പ്രതിപക്ഷ കക്ഷികൾ ഏതാണ്ടൊക്കെ സർക്കാരിനൊപ്പമുണ്ട്; ചില അപസ്വരങ്ങൾ ഉണ്ടായിട്ടില്ല എന്നല്ല. ഇന്നിപ്പോൾ തലതിരിഞ്ഞ്‌ ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ തന്നെ അവർക്ക് നാളെ രാഷ്ട്രനന്മയുടെ പാതയിലേക്ക് വരേണ്ടതായി വരുമെന്നതിൽ സംശയമില്ല. എന്നാൽ ഈ വേളയിൽ അതിന് രാഷ്ട്രീയ പ്രാധാന്യം കൊടുക്കേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. രാജ്യമാണ് വലുത് എന്നതാണല്ലോ നമ്മുടെ ഒരു മതം. ജനങ്ങൾ എത്രമാത്രം ഗൗരവത്തോടെയും രാഷ്ട്ര ഭക്തിയോടെയുമാണ് ഈ പ്രശ്നത്തെ കാണുന്നത് എന്നതും ശ്രദ്ധേയമാണ്.