dean

കൊച്ചി : മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, യു.ഡി.എഫ് കാസർകോട് ജില്ലാ ചെയർമാൻ എം.സി. കമറുദ്ദീൻ, ജില്ലാ യു.ഡി.എഫ് കൺവീനർ എ. ഗോവിന്ദൻ നായർ എന്നിവർക്കെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യക്കേസെടുത്തു. 22ന് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഇവർക്ക് പൊലീസ് മുഖേന നോട്ടീസ് നൽകാനും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനാണ് നട

പടി.

ഹർത്താലും പൊതുപണിമുടക്കും നടത്തുന്നവർ ഏഴ് ദിവസം മുമ്പ് പബ്ളിക് നോട്ടീസ് നൽകണമെന്നും മിന്നൽ ഹർത്താൽ നിയമവിരുദ്ധമാണെന്നും ജനുവരി ഏഴിന് ഹൈക്കോടതി വിധിച്ചിരുന്നു. കേരള ചേംബർ ഒഫ് കൊമേഴ്സും മലയാളവേദിയും നൽകിയ ഹർജികളിലായിരുന്നു ഇത്.

കാസർകോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു മരിച്ചതിനെത്തുർടന്ന് സംസ്ഥാനത്തൊട്ടാകെ ഹർത്താൽ ആചരിക്കാൻ യൂത്ത് കോൺഗ്രസും കാസർകോട് ജില്ലയിൽ ഹർത്താൽ ആചരിക്കാൻ ജില്ലാ യു.ഡി.എഫ് നേതാക്കളും ആഹ്വാനം ചെയ്യുകയായിരുന്നു. മിന്നൽ ഹർത്താൽ ശ്രദ്ധയിൽപെട്ട ഡിവിഷൻബെഞ്ച് നിലവിലുള്ള ഹർജി പ്രത്യേകം വിളിച്ചുവരുത്തി പരിഗണിച്ചു. ഡീൻ കുര്യാക്കോസിനെയും കമറുദ്ദീനെയും ഗോവിന്ദൻ നായരെയും കക്ഷി ചേർത്തിട്ടുമുണ്ട്. ഹർത്താൽ ആഹ്വാനം പ്രഥമദൃഷ്ട‌്യാ ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടു.

കാസർകോട് ജില്ലയിലെ യു.ഡി.എഫ് നേതാക്കൾ ഞായറാഴ്ച വൈകിട്ട് ജില്ലയിൽ ഹർത്താൽ ആഹ്വാനം ചെയ്തെന്ന് ഹർജി പരിഗണിക്കുമ്പോൾ ചേംബർ ഒഫ് കൊമേഴ്സിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ഹർത്താലിന് ആഹ്വാനം ചെയ്ത് ഡീൻ കുര്യാക്കോസ് അർദ്ധരാത്രിയിൽ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പകർപ്പ് സർക്കാരും ഹാജരാക്കി. ഹർത്താലിനെത്തുടർന്ന് ഐ.സി.എസ്.ഇ കമ്പ്യൂട്ടർ പരീക്ഷ മാറ്റിവയ്ക്കേണ്ടി വന്നു. ഒരു ലക്ഷം കുട്ടികളെ ഇതു ബാധിച്ചു. നിയമവിരുദ്ധ ഹർത്താലിനെതിരെ നടപടിയെടുക്കാൻ ഡി.ജി.പി ജില്ലാ പൊലീസ് കേന്ദ്രങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സർക്കാരിനു വേണ്ടി അഡിഷണൽ എ.ജി രഞ്ജിത്ത് തമ്പാൻ വിശദീകരിച്ചു.

വാഹനം തടയലും പഠിപ്പു മുടക്കും

അനുവദിക്കാനാവില്ല

പൊതു അവശ്യ സർവീസുകൾ തടയുന്നതും കുട്ടികൾക്ക് പഠിക്കാനാവാത്ത സാഹചര്യമുണ്ടാക്കുന്നതും അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അംഗീകൃത സംഘടനകളും അംഗങ്ങളും നിയമത്തെ പിന്തുണയ്ക്കുകയാണ് വേണ്ടത്. ഇവർ നിയമവിരുദ്ധ ഹർത്താലിന് മുതിർന്നാൽ സംഘടനയുടെ രജിസ്ട്രേഷൻ റദ്ദാക്കാനും അയോഗ്യത കല്പിക്കാനും വ്യവസ്ഥയുണ്ടോയെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചു. തുടർന്നാണ് സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി രജിസ്ട്രിക്ക് നിർദ്ദേശം നൽകിയത്