മൂവാറ്റുപുഴ: ലൈഫ്ഭവന പദ്ധതിയിലെ വീടുകളുടെ നിർമ്മാണത്തിൽ ഒന്നാമതെത്തി മൂവാറ്റുപുഴ നഗരസഭയ്ക്ക് നേട്ടം. 112 വീടുകളിൽ 95 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചാണ് നഗരസഭ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയനേട്ടം കൈവരിച്ചിരിക്കുന്നത്. പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം നാളെ (ബുധൻ) രാവിലെ 11ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. നഗരസഭാ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർപേഴ്‌സൺ ഉഷ ശശിധരൻ സ്വാഗതം പറയും. ചടങ്ങിൽ ബിൽഡിംഗ് പെർമിറ്റ് വിതരണോദ്ഘാടനം ജോയ്‌സ് ജോർജ് എം.പിയും ഒന്നാംഘട്ട പദ്ധതിയിൽ പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കലും പട്ടികജാതി വിദ്യാർത്ഥികളുടെ പഠനോപകരണ വിതരണം മുൻ എം.എൽ.എ ജോസഫ് വാഴക്കനും പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം മുൻ എം.എൽ.എ ബാബു പോളും വിദ്യാർത്ഥികൾക്കുള്ള ലാപ് ടോപ്പ് വിതരണം നഗരസഭാ വൈസ് ചെയർമാൻ പി.കെ. ബാബുരാജും നിർവഹിക്കും.
ലൈഫ് ഭവന പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി 112 വീടുകൾക്കാണ് നഗരസഭാ പരിധിയിൽ അനുമതി ലഭിച്ചത്. 108 അപേക്ഷകർക്ക് പെർമിറ്റ് നൽകി. ഇതിൽ 95 പേരാണ് ഇതിനോടകം നിർമ്മാണം പൂർത്തിയാക്കിയത്. മറ്റുള്ള വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണന്നും നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ പറഞ്ഞു. 28 വാർഡുകളുള്ള നഗരസഭയിൽ പതിനൊന്നാം വാർഡിലാണ് ഏറ്റവും കൂടുതൽ വീടുകൾ പൂർത്തീകരിച്ചത്. ഇവിടെ 16 വീടുകൾ പൂർത്തീകരിച്ചപ്പോൾ 12 വീടുകളുമായി ഇരുപത്തിനാലാം വാർഡാണ് രണ്ടാം സ്ഥാനത്ത്. 16 വാർഡുകളിലായാണ് വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനം ആയിരം പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് വീടുകളുടെ താക്കോൽദാനം നടത്തുന്നതെന്ന് ചെയർപേഴ്‌സൺ പറഞ്ഞു.