ആലുവ: ഹർത്താൽ ആലുവയിൽ ഭാഗികം. കടകമ്പോളങ്ങൾ തുറന്നു. സ്വകാര്യ വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തി.
സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിൽ ഹാജർ നില കുറവായിരുന്നു. ചില സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. രാവിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. വാഹനങ്ങൾ തടഞ്ഞ് ഡ്രൈവർമാരെ കൈയ്യേറ്റം ചെയ്യാനും തുറന്ന സ്ഥാപനങ്ങൾ അടപ്പിക്കാനുമുള്ള പ്രവർത്തകരുടെ ശ്രമം നേതാക്കൾ ഇടപെട്ട് തടഞ്ഞു. പ്രവർത്തകരുടെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടാകാതിരിക്കാൻ മുൻ നിരയിൽ നിന്നും പ്രകടനം നയിച്ചത് മുതിർന്ന കോൺഗ്രസ് നേതാക്കളാണ്.
പമ്പ് കവലയിൽ നിന്നാരംഭിച്ച പ്രകടനം റെയിൽവേ സ്റ്റേഷൻ എത്തിയപ്പോൾ പ്രവർത്തകർ യൂത്ത് കോൺഗ്രസുകാർ നേതാക്കൾക്ക് പിന്നാലെ പോകാതെ നിന്നു. മുതിർന്ന നേതാക്കൾ ചില നേതാക്കളെ കൂടി മുന്നിൽനിർത്താൻ അവസരം നൽകിയതോടെയാണ് വീണ്ടും പ്രകടനം മുന്നോട്ട് നീങ്ങിയത്. പ്രകടനം വരുന്നത് കണ്ട് കച്ചവടക്കാർ പലരും കടകളടക്കുകയായിരുന്നു. ചില കടകൾ പ്രകടനം കടന്നുപോയ ശേഷം തുറക്കുകയും ചെയ്തു. പ്രവർത്തകർ സ്വകാര്യ,കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകൾ ഉപരോധിച്ചു.
പ്രകടനത്തിന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക്, നസീർ ചൂർണ്ണിക്കര, എ.എ. അജ്മൽ, ലിനീഷ് വർഗീസ്,കെ.ബി. നിജാസ്, അനസ് പളളിക്കുടി, ഷിയാസ് കുട്ടമ്മശ്ശേരി, സിദ്ദിഖ് അബൂബക്കർ, ഹസീം ഖാലിദ്, എം.ഐ. ഇസ്മായിൽ, ജോണി ക്രിസ്റ്റഫർ, ലിൻറോ പി ആൻറു, എം.എ.കെ. നജീബ്, എം.എ. ഹാരിസ്, രഞ്ജു ദേവസി, ഷെഫീക്ക് ചന്ദ്രത്തിൽ, നെൽസൺ പുളിക്ക, സിറാജ് ചേനക്കര, രാജേഷ് പുത്തനങ്ങാടി, അക്‌സർ അംബലപ്പറബ് ,യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, വി.പി ജോർജ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോപ്പിൽ അബു, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പുഴിത്തറ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.