k-hc

കൊച്ചി : നിയമവിരുദ്ധ ഹർത്താൽ നടത്തുന്നവരുടെ പ്രവൃത്തികൾ പൊലീസ് നിരീക്ഷിച്ച് സംഭവങ്ങൾ, നാശനഷ്ടങ്ങൾ എന്നിവയെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ആക്രമണത്തിനിരയാകുന്നവർക്കുള്ള നഷ്ടപരിഹാരം ഇൗടാക്കുന്നതിനും മറ്റും റിപ്പോർട്ട് അനിവാര്യമാണെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

ഹർത്താലനുകൂലികളിൽ നിന്ന് സർക്കാരിനും പൗരന്മാർക്കും നാശനഷ്ടങ്ങളുണ്ടാകുന്നത് പൊലീസ് തടയണം. അവശ്യ സർവീസുകൾക്ക് മതിയായ സംരക്ഷണം നൽകണം. ഇന്നലത്തെ ഹർത്താൽ നിമിത്തം പല പരീക്ഷകളും മാറ്റിവയ്ക്കേണ്ടിവന്നു. പൊതുഗതാഗതം താറുമാറായി. ഇത്തരം ഹർത്താൽ ആഹ്വാനങ്ങൾക്ക് വഴങ്ങുന്നത് അനധികൃത ഹർത്താലുകൾക്ക് പിന്തുണ നൽകലാണ്. ബസ് ഒാപ്പറേറ്റർമാർ സർവീസ് നടത്താത്തതും വിദ്യാഭ്യാസ അധികൃതർ പരീക്ഷ നടത്താത്തതും തെറ്റായ നടപടിയായി കണക്കാക്കേണ്ടി വരും. ഇതിത് ചട്ടപ്രകാരം നടപടി നേരിടേണ്ടി വരും.

ഹർത്താലിന് ആഹ്വാനം ചെയ്യുന്നവർ ഏഴു ദിവസം മുമ്പ് പബ്ളിക് നോട്ടീസ് നൽകണമെന്ന് പറയുന്നത് എതിർപ്പുള്ളവർക്ക് കോടതിയെ സമീപിക്കാൻ വേണ്ടിയാണ്. ജനതാത്പര്യം സംരക്ഷിക്കുന്നതിന് മുൻകൂർ നടപടിയെടുക്കാൻ സർക്കാരിനും ജില്ലാ ഭരണകൂടങ്ങൾക്കും സമയം ലഭിക്കും. ഇൗ നിർദ്ദേശങ്ങൾ ലംഘിച്ചുള്ള ഹർത്താലുകൾ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ജനുവരി ഏഴിലെ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ഇത്തരം ഹർത്താലുകൾ ആഹ്വാനം ചെയ്യുന്നവർക്ക് നഷ്ടപരിഹാര ബാദ്ധ്യതയുമുണ്ട് - ഹൈക്കോടതി വ്യക്തമാക്കി. പൊലീസ് റിപ്പോർട്ടിനായി കേസ് 22ന് വീണ്ടും പരിഗണിക്കും.

മിന്നൽ ഹർത്താലിന് ആഹ്വാനം ചെയ്തെന്ന മാദ്ധ്യമ വാർത്തയിൽ കോടതിയുത്തരവുള്ള കാര്യം പറയുന്നില്ല. മുൻകൂർ നോട്ടീസ് നൽകാത്ത ഹർത്താൽ നിയമ വിരുദ്ധമാണെന്നും ഇത്തരം മിന്നൽ ഹർത്താൽ ആഹ്വാനങ്ങൾ കോടതി ഉത്തരവിന് വിരുദ്ധമാണെന്നും ജനങ്ങളെ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഹർത്താലിന്റെ നിയമ സാധുതയെക്കുറിച്ച് പൊതു ജനങ്ങൾക്കുള്ള ആശങ്കയകറ്റാൻ ഇതു സഹായിക്കും. പൊതു സേവന ദാതാക്കൾ ഹർത്താലിന് വഴങ്ങാതിരിക്കാനും ഇതു പ്രയോജനപ്പെടും.