doctor

ആലുവ: ആശുപത്രിയിലേക്ക് കാറിൽ പോകുകയായിരുന്ന ഡോക്ടറെ ഹർത്താൽ അനുകൂലികൾ മർദ്ദിച്ചു. പഴങ്ങനാട് സമരി​റ്റൻ ആശുപത്രിയിലെ കൺസൾട്ടന്റ് സൈക്കാട്രിസ്​റ്റ് ഡോ. ഷരീഫിന് (53) ആണ് മർദ്ദനമേറ്റത്. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ആലുവയിൽ നിന്ന് കോതമംഗലത്തെ അയിരൂർപാടം മെഡിക്കൽ സെന്ററിലെത്തി പരിശോധന പൂർത്തിയാക്കിയ ശേഷം പഴങ്ങനാട് ആശുപത്രിയിലേക്ക് തിരിച്ചുവരവേ ചെമ്പറക്കി നായർപീടികയിൽ വച്ചായിരുന്നു ആക്രമണം. ഡോക്ടറാണെന്നും ആശുപത്രിയിലേക്ക് പോകുകയാണെന്നും പറഞ്ഞെങ്കിലും ഹർത്താൽ അനുകൂലികൾ ചെവിക്കൊണ്ടില്ല. മൊബൈൽ ഫോൺ പിടിച്ചുവാങ്ങി വലിച്ചെറിയുകയും മർദ്ദിക്കുകയും ചെയ്തു. അരമണിക്കൂറോളം ഡോക്ടറെ തടഞ്ഞിട്ടു. ചെവിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഇ.എൻ.ടി ഡോക്ടറുടെ ചികിത്സതേടി. പെരുമ്പാവൂർ പൊലീസ് കേസെടുത്തു.