കൊച്ചി : എം.വി. ജയരാജനും മുൻമന്ത്രി കെ.സി. ജോസഫും ഹൈക്കോടതി ജഡ്‌ജിമാരെ വിമർശിച്ചതിനാണ് കോടതിയലക്ഷ്യ നടപടി നേരിട്ടതെങ്കിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് കോടതിയുത്തരവ് ലംഘിച്ചതിനാണ് നടപടി നേരിടുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ കോടതിയലക്ഷ്യ നിയമത്തിലെ സെക്‌ഷൻ 12 പ്രകാരം പരമാവധി ആറ് മാസം തടവും 2000 രൂപ പിഴയുമാണ് ശിക്ഷ. പ്രതിക്ക് വാദത്തിനിടെ നിരുപാധികം മാപ്പ് അപേക്ഷിക്കാം. ഇതു സ്വീകരിച്ച് നടപടികൾ അവസാനിപ്പിക്കണോയെന്ന കാര്യം കോടതി തീരുമാനിക്കും. കെ.സി. ജോസഫ് ഇത്തരത്തിൽ മാപ്പ് അപേക്ഷിച്ചാണ് നടപടിയിൽ നിന്ന് മോചിതനായത്.
പാതയോര പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ചതിനെതിരെ നടത്തിയ പരാമർശങ്ങളാണ് എം.വി. ജയരാജന് വിനയായത്. ചായത്തൊട്ടിയിൽ വീണ കുറുക്കനോട് ഹൈക്കോടതി ജഡ്‌ജിയെ ഉപമിച്ചതാണ് കെ.സി. ജോസഫിനെതിരായ നടപടിക്ക് കാരണമായത്. മൂന്നാറിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റവന്യു വകുപ്പിന്റെ അനുമതി വേണമെന്ന ഹൈക്കോടതിയുത്തരവ് ലംഘിച്ചതിന് ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് സർക്കാർ അടുത്തിടെ ഉപഹർജി നൽകിയിരുന്നു. 22ന് ഹൈക്കോടതി ഇതു പരിഗണിക്കുന്നുണ്ട്.