കൊച്ചി : സമരം ചെയ്ത ജീവനക്കാരുടെ വിവരങ്ങൾ നൽകാൻ ഒരു ദിവസം വൈകിയെന്ന കാരണത്താൽ കണ്ണൂർ സർവകലാശാല രജിസ്ട്രാർ ഡോ. ബാലചന്ദ്രൻ കീഴോത്തിനെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. വി.സിമാർ സിൻഡിക്കേറ്റംഗങ്ങളുടെ ഭാവനയ്ക്കും താത്പര്യത്തിനുമനുസരിച്ച് പ്രവർത്തിക്കരുതെന്നും സ്ഥാപനത്തിന്റെ മൂല്യം ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനമാണ് അവരിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
വി.സിയുടെ ഒാഫീസിനു മുന്നിൽ സമരം ചെയ്ത ജീവനക്കാരുടെ പേരു വിവരങ്ങൾ ലഭ്യമാക്കുന്നതിന് വൈകിയെന്നാരോപിച്ചായിരുന്നു രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. ജനുവരി 15ന് നടത്തിയ സമരത്തെത്തുടർന്ന് വി.സി ആവശ്യപ്പെട്ട പ്രകാരം അന്നു വൈകിട്ട് തന്നെ സമരക്കാരുടെ വിവരങ്ങൾ ശേഖരിച്ചു. അടുത്തദിവസം രാവിലെ ഇതു സമർപ്പിക്കുകയും ചെയ്തു. എന്നാൽ നിർദ്ദേശം നടപ്പാക്കാൻ ഒരു ദിവസം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. എല്ലാ ഡിപ്പാർട്ട്മെന്റുകളിൽ നിന്നുമുള്ള സമരക്കാരുടെ വിവരങ്ങൾ ശേഖരിച്ചാണ് വി.സിക്ക് നൽകിയത്. എന്നാൽ ജനുവരി 16ന് വിവരം ലഭ്യമാക്കാൻ വൈകിയതിന് രജിസ്ട്രാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. മറുപടി നൽകിയെങ്കിലും ഇതംഗീകരിക്കാതെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്യുകയായിരുന്നു. ആവശ്യപ്പെട്ട വിവരങ്ങൾ പിറ്റേദിവസം തന്നെ നൽകിയിട്ടും സസ്പെൻഡ് ചെയ്തതിലൂടെ സിൻഡിക്കേറ്റിന്റെ താളത്തിനൊത്ത് വി.സി തുള്ളുകയായിരുന്നെന്ന് കരുതണം. ജീവനക്കാരുടെ പട്ടിക നൽകാൻ മണിക്കൂറുകൾ മാത്രം വൈകിയതിന് നടപടിയെടുത്തത് സ്വേച്ഛാപരമാണെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.