കൊച്ചി : കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ ഡെമ്മികളെയല്ല യഥാർത്ഥ പ്രതികളെയാണ് പിടികൂടേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊലീസും ആഭ്യന്തരവകുപ്പും ഒളിച്ചുകളിക്കുകയാണ്. ആഭ്യന്തരവകുപ്പിന്റെ ഗുരുതര വീഴ്ചയാണ് കൊലപാതകം. കൊലപാതകം നടത്തിയ ശേഷം സി.പി.എം ഡെമ്മി പ്രതികളെയാണ് പൊലീസിന് നൽകുക. ടി.പി. ചന്ദ്രശേഖരൻ, ഷുഹൈബ് കൊലപാതകങ്ങളിൽ ഇനിയും യഥാർത്ഥ പ്രതികളെ പിടികൂടാനുണ്ടെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നു. ജീവന് ഭീഷണിയുണ്ടെന്ന് കൊലയ്‌ക്കിരയായവർ ബേക്കൽ പൊലീസിനെ അറിയിച്ചെങ്കിലും അവർ അനങ്ങിയില്ല. കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
അരനൂറ്റാണ്ടിനിടെ മലബാറിലും കണ്ണൂരിലുമുണ്ടായ കൊലപാതകങ്ങളിൽ പിണറായിക്ക് പങ്കുണ്ട്. പങ്കില്ലെങ്കിൽ പിണറായി മൗനം വെടിയണം. ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് സമാനമാണ് കാസർകോട്ടേതും. പാർട്ടിയുടെ പരിശീലനം ലഭിച്ച വാടകക്കൊലയാളികളാണ് കൃത്യം നടത്തിയത്. സി.പി.എം നടപ്പാക്കുന്നത് ഉന്മൂലന സിദ്ധാന്തമാണ്. സി.പി.എം ഭീകര രാഷ്ട്രീയ പ്രസ്ഥാനമായി അധഃപതിച്ചു. സി.പി.എമ്മിന്റെ നവോത്ഥാന നിലപാട് കാപട്യമാണ്.
അമിത് ഷാ - നരേന്ദ്രമോദി കൂട്ടുകെട്ടിന് സമാനമാണ് പിണറായി - കോടിയേരി സഖ്യം. ഇരുകൂട്ടരും ക്രിമിനൽ മനസുള്ളവരാണ്. പിണറായിയുടെ ആയിരം ദിവസത്തെ ഭരണനേട്ടം 29 കൊലപാതകങ്ങൾ മാത്രമാണ്. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധസംഗമങ്ങൾ സംഘടിപ്പിക്കും. കൃപേഷ്, ശരത് ലാൽ എന്നിവരുടെ കുടുംബങ്ങൾക്ക് ഇന്ന് പത്തുലക്ഷം രൂപ വീതം കൈമാറും. അടുത്തമാസം രണ്ടിന് 15 ലക്ഷം രൂപയും ഇരുകുടുംബങ്ങൾക്കും എത്തിക്കും. അന്വേഷണത്തിന്റെ ഗതിക്കനുസരിച്ചായിരിക്കും പുറത്തുനിന്നുള്ള ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെടുകയെന്നും മുല്ലപ്പള്ളി പറഞ്ഞു.