പിറവം : ഗുജറാത്തിൽ നടന്ന ദേശീയ സീനിയർ അത്‌ലറ്റ് മീറ്റിൽ മെഡൽ കരസ്ഥമാക്കിയ മെറിൻ ബൈജുവിന് ആശംസകളുമായി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.വി. ശ്രീനിജൻ മണീടിലെത്തി. മണീട് നെച്ചൂർ കൂരാപ്പിള്ളിൽ ബൈജുവിന്റേയും സിജിയുടേയും മകൾ മെറിൻ ദേശീയ മീറ്റിൽ ഹൈജമ്പിന് സ്വർണവും ട്രിപ്പിൾജമ്പിന് വെള്ളിയും നേടിയിരുന്നു. കോതമംഗലം സെന്റ് ജോർജ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് മെറിൻ. പരിശീലനത്തെപ്പറ്റിയും മീറ്റിലെ പ്രകടനത്തെപ്പറ്റിയുമെല്ലാം ചോദിച്ചറിഞ്ഞ അദ്ദേഹം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹായങ്ങൾ വാഗ്ദാനം ചെയ്താണ് മടങ്ങിയത്. എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ്, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.ബി. രതീഷ്, കെ.എസ്. രാജു, കെ.ബി. അരുൺകുമാർ എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. മണീട് ഗവ.വി എച്ച് എസ് എസിലെ സ്പോർട്സ് അക്കാഡമിയും പ്രസിഡന്റ് സന്ദർശിച്ചു. കായിക പരിശീലകൻ ചാൾസ് ഇ. ഇടപ്പാട്ട് ശ്രീനിജനെ സ്വീകരിച്ചു.