കൊച്ചി: പ്രീതയുടെ സമരം തുടങ്ങിയത്, ഇടപ്പള്ളി പത്തടിപ്പാലത്തെ വീടിനു മുന്നിലൊരുക്കിയ ഒരു ചിതയ്‌ക്കു മുന്നിൽ നിന്നാണ്. തനിക്കു വേണ്ടിത്തന്നെ പ്രീത തീർത്ത ചിത! ആ കനലുകൾ സാക്ഷിയാക്കി പ്രീത ഒരു പ്രതിജ്ഞയെടുത്തു: മറ്റൊരാൾക്കു ജാമ്യം നിന്നതിന്റെ പേരിൽ കിടപ്പാടം ആർക്കും വിട്ടുകൊടുക്കില്ല. ഇരുപത്തിയഞ്ചു വർഷത്തെ നിയമയുദ്ധത്തിനു ശേഷം ഇന്നലെ നീതിദേവത കൺതുറന്നപ്പോൾ, പ്രീതയ്‌ക്കും ഷാജിക്കും മടക്കിക്കിട്ടിയത് ജീവിതം തന്നെ.
രണ്ടു ലക്ഷം രൂപയുടെ വായ്‌പ 25 വർഷംകൊണ്ട് 2.30 കോടി രൂപയുടെ ബാധ്യതയായി വളർന്ന വിചിത്രക്കണക്കിനു മുന്നിൽ പകച്ചുപോയ പ്രീതയ്‌ക്കും ഷാജിക്കും 45 ലക്ഷം രൂപ ഒരു മാസത്തിനകം ബാങ്കിനു നൽകി സ്വന്തം വീട് തിരിച്ചുപിടിക്കാം. പക്ഷേ, അത്രയും തുക? അതിനു വഴി തെളിഞ്ഞിട്ടുണ്ടെന്ന് . പ്രീത പറയുന്നു.
1994 ലാണ് പ്രീതയുടെ ഭർത്താവ് ഷാജി അകന്ന ബന്ധുവായ സാജന് ആലുവ ലോർഡ് കൃഷ്‌ണാ ബാങ്കിൽ നി്ന്ന് വായ്പയെടുക്കാൻ ജാമ്യം നിന്നത്. 22.5 സെന്റ് കിടപ്പാടമായിരുന്നു ഈട്. ബന്ധുവിന്റെ തിരിച്ചടവ് മുടങ്ങിയതോടെ കുടിശിക പെരുകി. ഒരു ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ഷാജി തയാറായെങ്കിലും, ലോർഡ് കൃഷ്ണാ ബാങ്കിനെ ഏറ്റെടുത്ത എച്ച്.ഡി.എഫ്.സി ബാങ്ക് അതു സ്വീകരിച്ചില്ല. ബാധ്യത 2.30 കോടി രൂപയായി വളർന്നെന്നായിരുന്നു വിശദീകരണം!
ഈടുവച്ച വസ്തുവിൽ നിന്ന് 2014 ൽ രണ്ടരക്കോടി രൂപ വിലവരുന്ന 18.5 സെന്റ് സ്ഥലം സർഫാസി നിയമം അനുസരിച്ച് ബാങ്ക് 38 ലക്ഷം രൂപയ്ക്ക് ഓൺലൈൻ ലേലത്തിൽ വിറ്റു. ഇടപാടിൽ റിക്കവറി മാനേജർക്കും പങ്കുണ്ടെന്നാണ് ആക്ഷേപം. .
ഇക്കാലത്തിനിടെ പ്രീതയ്‌ക്കും ഷാജിക്കുമുണ്ടായ നഷ്‌ടങ്ങളും മാനസികസംഘർഷവും ചെറുതല്ല. 2016-ലെ ആദ്യ ജപ്തി നടപടിക്കിടെ ഷാജിയുടെ അമ്മ കമലാക്ഷി സങ്കടഭാരം താങ്ങാനാകാതെ ഹൃദയംപൊട്ടി മരിച്ചു.
രണ്ടു മക്കളുടെയും പഠനം സാമ്പത്തിക ബുദ്ധിമുട്ടു കാരണം മുടങ്ങി. പിന്നീട് മൂന്നുവട്ടം കൂടി ജപ്തിക്കു നീക്കമുണ്ടായെങ്കിലും പ്രീതയ്‌ക്കു തുണയായി സർഫാസി വിരുദ്ധ സമിതിയും നാട്ടുകാരും കൂടെനിന്നു.
രണ്ടു വർഷം മുമ്പ്, മറ്റെല്ലാ വഴികളും അടഞ്ഞപ്പോഴാണ് പ്രീത വീടിനു മുന്നിൽ ചിതയൊരുക്കി സമരം തുടങ്ങിയത് വാർത്തയായി; കേസ് ഹൈക്കോടതിയിലെത്തി. അതിന്റെ വിധിയാണ് ഇന്നലെ എത്തിയത്.
സർഫാസി നിയമം
വായ്‌പാ കുടിശിക ഈടാക്കുന്നതിനായി, ഈടു നൽകിയ വസ്തുവോ വീടോ ഉടമയുടെ സമ്മതം കൂടാതെ തന്നെ വിൽക്കാൻ ബാങ്കുകൾക്കും ഇതര ധനകാര്യസ്ഥാപനങ്ങൾക്കും അധികാരം നൽകുന്ന നിയമം. സെക്യൂരിറ്റൈസേഷൻ ഒഫ് ഫിനാൻഷ്യൽ അസറ്റ്സ് ആൻഡ് എൻഫോഫ്സ്‌മെന്റ് ഒഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്റ്റ് എന്നതിന്റെ ചുരുക്ക രൂപമാണ് സർഫാസി. 2002-ലാണ് നിയമം നിലവിൽ വന്നത്. വായ്‌പാ തുക ഒരുലക്ഷം രൂപയിൽ കൂടുതലും, ബാധ്യതാ തുക മുതലിന്റെ 20 ശതമാനത്തിലധികവും ആണെങ്കിൽ നിയമം ബാധകം.