കൊച്ചി : വായ്പാ കുടിശികയുടെ പേരിൽ ഇടപ്പള്ളി പത്തടിപ്പാലം സ്വദേശിനി പ്രീതാ ഷാജിയുടെ വീടും പറമ്പും ലേലംചെയ്ത എച്ച്.ഡി.എഫ്.സി ബാങ്കിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഭൂമി ലേലം ചെയ്ത് കടം ഇൗടാക്കാനുള്ള ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ വിധിയുടെ കാലാവധി കഴിഞ്ഞ് ലേലം നടത്തിയത് ചൂണ്ടിക്കാട്ടി പ്രീതയുടെ ഭർത്താവ് എം.വി. ഷാജി നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.
2005 ജൂൺ പത്തിലെ വിധിയുടെ കാലാവധി മൂന്നു വർഷമാണെന്നിരിക്കെ 2014 ഫെബ്രുവരി 24 നായിരുന്നു ലേലം. വിധിയുടെ കാലാവധി കഴിയുന്ന 2009 മാർച്ച് 31 ലെ കണക്കനുസരിച്ച് കുടിശിക എത്രയെന്ന് അറിയിക്കാൻ നേരത്തെ ഹൈക്കോടതി ബാങ്കിന് നിർദേശം നൽകിയിരുന്നു. 43.51 ലക്ഷം രൂപയെന്ന് ബാങ്ക് മറുപടിയും നൽകി. ഇൗ തുക മാർച്ച് 15 നകം ബാങ്കിലടച്ച് പ്രീതാ ഷാജിക്ക് ഭൂമി വിട്ടു നൽകാനാണ് വിധി.
ഇതിനു പുറമേ. ബാങ്കിൽ നിന്ന് ഭൂമി ലേലത്തിൽ വാങ്ങിയ എം.എൻ. രതീഷിന് ഹർജിക്കാരനായ ഷാജി 1.89 ലക്ഷം രൂപ നൽകണം. ഇൗ തുക നൽകിയില്ലെങ്കിൽ ബാങ്ക് നൽകണം. ബാദ്ധ്യത ഹർജിക്കാരുടെ കുടിശികയിൽ ചേർക്കാം. ഭൂമി വാങ്ങാൻ രതീഷ് നൽകിയ പണം സേവിംഗ്സ് അക്കൗണ്ടിനു നൽകുന്ന പലിശയടക്കം ബാങ്ക് തിരികെ നൽകണമെന്നും വിധിയിൽ പറയുന്നു.
അതേസമയം, ഒരു മാസത്തിനകം ഹർജിക്കാരൻ പണമടച്ചില്ലെങ്കിൽ നേരത്തേയുള്ള ട്രിബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിൽ പുതിയ റിക്കവറി സർട്ടിഫിക്കറ്റ് നേടി ലേലമുൾപ്പെടെയുള്ള തുടർ നടപടികൾ ബാങ്കിന് സ്വീകരിക്കാം.