innocent

ആലുവ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്നും പാർട്ടി നിർബന്ധിച്ചാൽ വഴങ്ങുമെന്നും ഇന്നസെന്റ് എം.പി പറഞ്ഞു. ആലുവയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാരീരികമായ അവശതകളുണ്ട്. വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്കായി വഴിമാറണമെന്ന് ആഗ്രഹമുണ്ട്.

എല്ലാ വിവരങ്ങളും നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. മണ്ഡലം മാറി മത്സരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടാലും ഒഴിഞ്ഞുമാറാനാകില്ല. സിനിമക്കാർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ കുറ്റപ്പെടുത്തേണ്ടതില്ല. സിനിമ തൊഴിലാണ്. അതുപേക്ഷിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങേണ്ട ആവശ്യമില്ല. മണ്ഡലത്തിൽ തന്റെ സാന്നിദ്ധ്യം കുറവായിരുന്നുവെന്ന ആക്ഷേപം രാഷ്ട്രീയ പ്രേരിതം മാത്രമാണ്. നിരവധി വികസന പദ്ധതികൾ അതിവേഗം പുരോഗമിക്കുന്നതിനാൽ ചാലക്കുടിയിലെ പുതിയ എം.പിയായി എത്തുന്നയാൾക്ക് പ്രവർത്തനം ഏറെ സുഖകരമായിരിക്കും.

കൊലപാതകവും ഹർത്താലും ആര് നടത്തിയാലും എതിർക്കണം. ഇക്കാര്യത്തിൽ രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഇന്നസെന്റ് പറഞ്ഞു.