kalikulagara-temple
കാളികുളങ്ങര ക്ഷേത്രത്തിൽ പൊങ്കാലയിടുന്ന ഭക്തർ.

പറവൂർ : ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് കാളികുളങ്ങര ക്ഷേത്രത്തിൽ വലിയവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാലയിടാനും തെണ്ടു നേദി​ക്കാനും ഭക്തജനത്തിരക്ക്. കാളീനടയിലെ കനലെരിയും മണലിൽ പ്രകൃതിയെ ഭഗവതിയായി സങ്കൽപ്പിച്ചാണ് തെണ്ടു ചുട്ടെടുക്കുന്നത്. അരിപ്പൊടി, ശർക്കര, ഏലയ്ക്ക, കശുവണ്ടി, ചുക്ക്, മഞ്ഞൾ, നെയ്യ്, മുന്തിരി എന്നിവ ചേർത്ത് കുഴച്ചു നീളത്തിൽ കെട്ടിയെടുത്ത കവുങ്ങിൻ പാളയിൽ നിറച്ചു ക്ഷേത്രമുറ്റത്തെ മണലിൽ കുഴിച്ചിടും. മണലിന്റെ ചൂടിൽ മണിക്കൂറുകൾ കിടന്നു വെന്താണ് തെണ്ട് തയാറാകുക. ആൾ തെണ്ട്, കാൽ തെണ്ട്, കൈ തെണ്ട് എന്നിങ്ങനെ ശരീരത്തിന്റെ ഓരോ അവയവങ്ങളും സങ്കൽപ്പിച്ചു തെണ്ടു രൂപപ്പെടുത്തും. ചുട്ടെടുത്ത തെണ്ടിൽ ചെറിയ കോൽത്തിരികൾ കത്തിച്ചുവെച്ചു ചുമലിലേറ്റി മേളത്തിന്റെ അകമ്പടിയേടെ ക്ഷേത്രപ്രദക്ഷിണം നടത്തും. ഘണ്ടാകർണ്ണന്റെ നടയിൽ വിഹിതം നൽകുന്നതോടെ വഴിപാട് പൂർണമാകും. അഗ്നി ഈശ്വരനും അഗ്നിനാളങ്ങൾ കാളിയുടെ നീണ്ട നാക്കും ആണെന്നുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് വഴിപാട് നടത്തുന്നത്.

മുടി വഴിപാട്

മുടി തഴച്ചു വളരുന്നതിനുള്ള മുടി വഴിപാട് നടത്താൻ രാവിലെ മുതൽ രാത്രി വരെ അനേകം സ്ത്രീകൾ ക്ഷേത്രത്തിലെത്തുന്നു. തെങ്ങോലയുടെ ഈർക്കിൽ കൊണ്ടുണ്ടാക്കിയ ചൂൽ ഉപയോഗിച്ചു നട അടിച്ചശേഷം ശ്രീലകത്തിന് പുറത്തു ചൂൽ ചാരിയാൽ മുടി നന്നായി വളരുമെന്നാണ് വിശ്വാസം. വ്രതമനുഷ്ഠിച്ചു വീട്ടിൽ ചൂൽ ഉണ്ടാക്കി കൊണ്ടുവരുന്നവരും ക്ഷേത്രത്തിൽ നിന്നു ചൂൽ വാങ്ങി വഴിപാടുനടത്തുന്നവരുമുണ്ട്. കാളിയുടെ മറ്റൊരു രൂപമായ മുത്തിയാണ് കാളികുളങ്ങരയിലെ പ്രതിഷ്ഠ. കാളീശക്തി ഇവിടത്തെ കുളത്തിലുമുണ്ടെന്നാണു വിശ്വാസം. കുളത്തിലെ വെള്ളമാണ് തെണ്ട് ഉണ്ടാക്കാനും പൊങ്കാലയിടാനും ഭക്തർ ഉപയോഗിക്കുന്നത്.