high-court

കൊച്ചി : രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്ന സിദ്ധാന്തത്തിന് പരിഷ്കൃത സമൂഹത്തിൽ സ്ഥാനമില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഷുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യഹർജി തള്ളിയാണ് സിംഗിൾബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഷുഹൈബിനെ വധിച്ചത് ക്രൂരവും പൈശാചികവുമായ സംഭവമാണ്. വ്യക്തമായ ഗൂഢാലോചനയും ആസൂത്രണവും ഇതിനു പിന്നിലുണ്ട്. പ്രൊഫഷണൽ കൊലയാളികളുടെ കൃത്യതയോടെയാണ് കൊലപ്പെടുത്തിയത്. തുടർച്ചയായ രാഷ്ട്രീയ അതിക്രമങ്ങളുടെ ബാക്കിയാണ് ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവമെന്നും ഹൈക്കോടതി വിലയിരുത്തി.

ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി, രണ്ടാം പ്രതി രഞ്ജിത്ത് രാജ്, മൂന്നാം പ്രതി കെ. ജിതിൻ, നാലാം പ്രതി സി.എസ്. ദീപക് ചന്ദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. പ്രതികൾക്ക് ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനുമിടയുണ്ട്. മാത്രമല്ല, പ്രതികൾ കുറ്റകൃത്യങ്ങൾ ആവർത്തിക്കാനും സാദ്ധ്യതയുണ്ട്. ഇൗ മേഖലയിൽ ശാന്തിയും സമാധാനവും ഉറപ്പുവരുത്തേണ്ടതിനാൽ പ്രതികളുടെ ജാമ്യ ഹർജി തള്ളുകയാണെന്ന് സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്നു.

കഴിഞ്ഞവർഷം ഫെബ്രുവരി 12 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബിനെ കൊലപ്പെടുത്തിയത്. ഇവരിൽ ആകാശിനെയും രഞ്ജിത്തിനെയും 2018 ഫെബ്രുവരി 19 നും ജിതിനെ 2018 ഫെബ്രുവരി 26 നും ദീപക്കിനെ 2018 മാർച്ച് നാലിനും അറസ്റ്റുചെയ്തു. പ്രതികൾ ഇപ്പോഴും ജയിലിലാണ്. കേസിൽ അന്വേഷണം പൂർത്തിയായെന്നും അന്തിമറിപ്പോർട്ട് സമർപ്പിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു.