കൊച്ചി: ഇന്ത്യയിലെ മികച്ച സംസ്ഥാന ധനകാര്യ കോർപ്പറേഷനുകളിലൊന്നായ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെ.എഫ്.സി) കടപ്പത്രങ്ങൾക്കും ബാങ്ക് വായ്പകൾക്കുമുള്ള റേറ്റിംഗ് മെച്ചപ്പെടുത്തി. കേരള സർക്കാർ ഗ്യാരന്റിയുള്ള 400 കോടി രൂപയുടെ കടപ്പത്രത്തിന്റെ റേറ്റിംഗ് ബ്രിക്സ്​വർക്ക് ഏജൻസി എ (നെഗറ്റീവ്) ൽ നിന്നും എ ഗ്രേഡായി ഉയർത്തി നൽകി.

സർക്കാർ ഗ്യാരന്റിയല്ലാതെ സമാഹരിച്ച 500 കോടിയുടേയും ലക്ഷ്യമിടുന്ന 250 കോടിയുടെ കടപ്പത്രങ്ങൾക്ക് റിസർവ് ബാങ്കിന്റെയും സെബിയുടെയും അംഗീകാരമുള്ള റേറ്റിംഗ് ഏജൻസിയായ ബ്രിക്സ് വർക്ക്,​ ഡബിൾ എ റേറ്റിംഗ് ആണ് നൽകിയിട്ടുള്ളത്.

സർക്കാർ ഗ്യാരന്റിയില്ലാതെ കടപ്പത്രം വഴി തുക സമാഹരിക്കുന്ന സംസ്ഥാനത്തെ ഏക പൊതുമേഖലാ സ്ഥാപനമാണ് കെ.എഫ്.സി.

ഈ സാമ്പത്തിക വർഷം തന്നെ കടപ്പത്രത്തിലൂടെ തുക സമാഹരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് കെ.എഫ്.സിയുടെ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ സഞ്ജീവ് കൗശിക് ഐ.എ.എസ് അറിയിച്ചു.

കെ.എഫ്.സിയുടെ പലിശ നിരക്ക് 9.5 ശതമാനമെന്ന അടിസ്ഥാന നിരക്കിലേക്ക് മാറിയത് ചെറുകിട ഇടത്തരം വ്യവസായമേഖലയ്ക്ക് പ്രോത്സാഹനമായി. റേറ്റിംഗ് മെച്ചപ്പെട്ടതിനാൽ കുറഞ്ഞ നിരക്കിൽ തുക കണ്ടെത്തി സംരംഭകർക്ക് കൂടുതൽ വായ്പകൾ അനുവദിക്കാൻ കെ.എഫ്.സിക്ക് സാധ്യമാകും.