ആലുവ: മാർക്കറ്റ് റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴായി. ചൊവ്വാഴ്ച്ച പുലർച്ചെഗ്രാൻഡ് കവലക്ക് സമീപമാണ് പൊട്ടിയത്. രാവിലെ ആറുമണിയോടെ സമീപത്തെ വാൽവ് പൂട്ടി കരാറുകാർ പണി ആരംഭിച്ചു. കാലപ്പഴക്കം ചെന്ന പൈപ്പിലൂടെ ഉയർന്ന മർദ്ദത്തിൽ വെള്ളം പമ്പ് ചെയ്യുന്നതാണ് തകരാറിന് കാരണം. പൈപ്പ് പൊട്ടിയത് റോഡിന്റെ വശത്താണെങ്കിലും വെള്ളത്തിന്റെസമ്മർദ്ദം മൂലം ഭൂമിക്കടിയിലൂടെയും വെള്ളം പരക്കുകയും റോഡിന്റെ നടുഭാഗത്ത് അടിയിൽ നിന്ന് പുറത്തേക്ക് തള്ളുകയും ചെയ്തു. ഇതുമൂലം റോഡ് പാടെ തകർന്നിട്ടുണ്ട്. ഉച്ചക്ക് 2.30നാണ് പൈപ്പ് നന്നാക്കി കഴിഞ്ഞത്. ബാങ്ക് കവല, സ്വകാര്യ ബസ് സ്റ്റാൻഡ്, പുളിഞ്ചോട്, മാർക്കറ്റ്, ബൈപാസ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പാണിത്. പണി പൂർത്തിയാകും വരെ ഈ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസപ്പെട്ടു.