ആലുവ: ആലുവ ചീരക്കട ശ്രീദുർഗ ഭഗവതി ക്ഷേത്രത്തിൽ മകം തൊഴാൻ ആയിരങ്ങളെത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ക്ഷേത്രം തന്ത്രി ഇടപ്പള്ളി മന ദേവനാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി രവി നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടന്ന വിശേഷാൽ പൂജക്ക് ശേഷമായിരുന്നു മകം തൊഴൽ. മകം തൊഴലിന് പുറമെ അന്നദാനവും പ്രശാന്ത് വർമ്മയും സംഘവും അവതരിപ്പിച്ച മാനസജപലഹരിയും നടന്നു.
വെളിയത്തുനാട് അടുവാത്തുരുത്ത് ശ്രീ ആലുങ്ങൽ ഭഗവതി ക്ഷേത്രത്തിലും മകം തൊഴാൻ വൻ ഭക്തജനത്തിരക്കായിരുന്നു. ഉച്ചയ്ക്ക് 11 മുതൽ വിഭവസമൃദ്ധമായ മകം ഊട്ടും നടന്നു. ആയില്യം പൂജ, അഷ്ടനാഗക്കളം, കളമെഴുത്തുംപാട്ടും, വിശേഷാൽ പൂമൂടലും, താലപ്പൊലി എന്നിവയ്ക്ക് ശേഷം രാത്രി മുടിയേറ്റോടെ ഉത്സവം സമാപിച്ചു.