kothamangalam-church

കൊച്ചി : രക്തച്ചൊരിച്ചിൽ ഒഴിവാക്കി കോതമംഗലം ചെറിയ പള്ളിയിൽ ഒാർത്തഡോക്‌സ് വിഭാഗം വികാരിയുടെ അവകാശം സ്ഥാപിച്ചു നൽകാൻ ബുദ്ധിമുട്ടാണെന്ന് മൂവാറ്റുപുഴ ഡിവൈ. എസ്.പി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഒാർത്തഡോക്സ് വിഭാഗം വികാരി തോമസ് പോൾ റമ്പാന് പൊലീസ് സംരക്ഷണം നൽകാൻ എന്താണ് തടസമെന്ന് വ്യക്തമാക്കാൻ ഫെബ്രുവരി 14 ന് കേസ് പരിഗണിക്കവെ ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് ഡിവൈ.എസ്. പി കെ. ബിജുമോൻ സ്റ്റേറ്റ്മെന്റ് നൽകിയത്.

കോതമംഗലം മേഖലയിലെ വലിയ ജനവിഭാഗത്തിന്റെ ആത്മീയ കേന്ദ്രമാണ് ചെറിയ പള്ളി. ഇൗ ഇടവകയിലെ 99 ശതമാനവും യാക്കോബായ വിഭാഗക്കാരാണ്. ഇവർക്കു മേൽ ഒാർത്തഡോക്സ് വിഭാഗത്തിന്റെ അവകാശം സ്ഥാപിച്ചു നൽകുന്നത് ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആശങ്കയുണ്ട്. ഒാർത്തഡോക്സ് വികാരിയുടെ മതപരമായ അവകാശം സ്ഥാപിച്ചു നൽകിയാൽ കടുത്ത മതവിശ്വാസികളായ എതിർചേരി ഏതു തരത്തിലുള്ള അക്രമത്തിനും മുതിരും. സുപ്രീംകോടതി വിധിയും പൊലീസ് സംരക്ഷണം നൽകണമെന്ന മുൻസിഫ് കോടതി വിധിയും നടപ്പാക്കാൻ സാവകാശം വേണം. ഒാർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ അഞ്ചംഗ മന്ത്രിസഭാ ഉപസമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ മതിയായ സമയം അനുവദിക്കണം. തിടുക്കത്തിൽ വിധി നടപ്പാക്കാൻ ശ്രമിക്കുന്നത് വലിയതോതിൽ ആൾ നാശമുണ്ടാക്കും. ഹർജിക്കാരനെ തടഞ്ഞതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബർ 20, 21 തീയതികളിലുണ്ടായ സംഭവങ്ങളിൽ മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു. ഇവയിൽ ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്തെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.